fish-fry

കോട്ടയം: നഗരത്തിൽ എത്തുന്നവർക്ക് വിലകുറവിൽ നല്ല ഭക്ഷണം കഴിക്കാൻ ഇനി അലഞ്ഞു തിരിയേണ്ടതില്ല. കായൽഭംഗി ആസ്വദിക്കാനും കായൽ വിഭങ്ങൾ കഴിക്കാനും കോട്ടയം കോടിമതയിലെ ബോട്ട് ജെട്ടിയോട് ചേർന്നുള്ള വെസ്റ്റ്‌പൊലീസ് സ്റ്റേഷൻ കാന്റീനിൽ പോയാൽ മതി. വിലവിവര പട്ടിക കണ്ടാൽതന്നെ ഭക്ഷണപ്രിയരുടെ മനസു നിറയും. ചില സാമ്പിളുകൾ ഇതാ; കരിമീൻ പൊരിച്ചതിന് 40 രൂപ, കക്കയിറച്ചിക്ക് 20, കിളിമീൻ വറുത്തതിന് 20... കോട്ടയംകാരുടെ പ്രധാന വിഭവമായ കപ്പയ്ക്കും മീനിനും 40 രൂപ. അല്ലെങ്കിൽ 40 കൊടുത്ത് മീൻകറി കൂട്ടി ഊണ് കഴിക്കാം. 2007ൽ തുടക്കമിട്ട ഈ കാന്റീനിലാണ് കോട്ടയത്ത് ഏറ്റവും നിരക്കു കുറച്ച് ഭക്ഷണം ലഭിക്കുന്നത്. സ്റ്റേഷനിലെ പൊലീസുകാർക്കാണ് കാന്റിനിന്റെ ചുമതല. ഇത്രയൊക്കെ വില കുറച്ച് നൽകിയിട്ടും കാന്റീൻ ലാഭത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

നഗരത്തിലെ മറ്റു വില വിവരങ്ങൾ

റോയൽ പാർക്ക്

മീൻകറി, പപ്പടം, തോരൻ, അവിയൽ, പുളിശ്ശേരി, അച്ചാർ, തോരൻ , സാമ്പാർ എന്നിങ്ങനെ എട്ട് കൂട്ടം കറിയും കൂട്ടി 40 രൂപയ്ക്ക് ശാസ്ത്രി റോഡരികിലെ റോയൽ പാർക്ക് ഹോട്ടലിൽ ഊണ് കഴിക്കാം. 2011ൽ ഹോട്ടൽ തുടങ്ങുമ്പോൾ 50 രൂപയായിരുന്നു ഊണിന്. തുടർന്ന് പച്ചക്കറി വില കുറഞ്ഞപ്പോൾ 10 രൂപ കുറച്ചു. ആഹാരം കഴിക്കുന്ന ആളുടെ മുഖത്ത് ചിരി വിടരണമെന്നും അതാണ് തങ്ങൾക്കുള്ള ലാഭമെന്നുമാണ് ഉടമയായ ശ്രീകുമാർ പറയുന്നത്.

കളക്ടറേറ്റ്

61വർഷം പൂർത്തിയാകുന്ന കോട്ടയം കളക്ടറേറ്റിലെ കാന്റീനിൽ നിന്ന് സ്‌പെഷ്യൽ ഓംലെറ്റും തൈരും കൂട്ടി 42 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ഊണ് കഴിക്കാം. കളക്ടറേറ്റ് ജീവനക്കാർ 32 രൂപ നൽകിയാൽ മതിയാകും. ഇവിടെ നൂറ് കണക്കിനാളുകളാണ് ദിവസേന ഊണ് കഴിക്കാൻ എത്തുന്നത്.

റെസ്റ്റ് ഹൗസ്

പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസിന്റെ കോട്ടയത്തെ കാന്റീനിൽ മീൻകറി കൂട്ടി ഊണിന് 70 രൂപ കൊടുക്കണം. ഒരു സ്‌പെഷ്യൽ ഐറ്റം കൂടി പറഞ്ഞാൽ വില നൂറിന് മുകളിലെത്തും. മൂന്ന് മാസം മുമ്പാണ് റെസ്റ്റ് ഹൗസ് കാന്റീൻ നവീകരിച്ചത്. നവീകരണത്തിന് മുമ്പ് 50 രൂപയായിരുന്നു ഊണിന്. വിലവിവരപട്ടിക പ്രദർശിപ്പിച്ചിട്ടുമില്ല.

നഗരസഭ

കോട്ടയം നഗരസഭയിലെ കുടുംബശ്രീ കാന്റീനിൽ ഊണിന് 50 രൂപയാണ്. സ്‌പെഷ്യൽ വാങ്ങിയാൽ കുറഞ്ഞത് 80 കൊടുക്കണം.