ചെന്നൈ: തമിഴ്നടൻ സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും ആരാധകരുടെ പ്രിയ ജോടിയാണ്. വെള്ളിത്തിരയിൽ മാത്രമല്ല, ജീവിതത്തിലും മറ്റുള്ളവർക്ക് അസൂയയുണ്ടാക്കുംവിധം ജീവിക്കുന്നവരാണ് ഇരുവരും. ഒരുപാട് വിവാദങ്ങളൊന്നും സൃഷ്ടിക്കാതെയാണ് ഇരുവരും വിവാഹിതരായതും. എന്നാലിപ്പോൾ ആ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് ജോ എന്ന ജ്യോതിക പറഞ്ഞ കാര്യങ്ങളാണ് ചർച്ചാവിഷയമാകുന്നത്.
''എനിക്ക് ഷൂട്ടിംഗ് ഇഷ്ടമല്ല. പക്ഷേ, പത്തു വർഷം ഞാനത് ചെയ്തു. എല്ലാ ദിവസവും സെറ്റിൽ പോയി രാവിലെ മുതൽ വൈകിട്ട് വരെ അവിടെ ചെലവഴിച്ചു. അവസാനം എനിക്കു തന്നെ മടുത്തു. താത്പര്യം നഷ്ടപ്പെട്ടു. പണം ഉണ്ടാക്കി. വിവാഹം വലിയ സന്തോഷമായിരുന്നു. സൂര്യ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ രണ്ടാമതൊന്നുകൂടി ആലോചിക്കാതെയാണ് ഞാൻ പെട്ടെന്നു സമ്മതം മൂളിയത്.
വീട്ടുകാർ കൂടി സമ്മതിച്ചപ്പോൾ അടുത്ത മാസം തന്നെ വിവാഹം നടത്താൻ ഞാൻ തയാറാകുകയായിരുന്നു. അധികം ആലോചന ഒന്നും വേണ്ടി വന്നില്ല. അത്രയ്ക്കും സന്തോഷമായിരുന്നു എനിക്ക്.’ ജ്യോതിക മനസുതുറക്കുന്നു. സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവിലാണ് ആളുകളോട് നോ പറയാൻ ശീലിച്ചത്. നീണ്ട ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരികെവന്ന ജോ പറയുന്നു.