സാവോപോളോ:ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് സംശയിച്ച് ഭർത്താവ് ഫുട്ബോളറെ കുത്തിക്കൊന്നു. എന്നിട്ടും പകയടങ്ങാത്ത അയാൾ യുവാവിന്റെ കഴുത്തറക്കുകയും ലൈംഗികാവയവം മുറിക്കുകയും ചെയ്തു. പ്രമുഖ ബ്രസീലിയൻ ക്ലബ് സാവോപോളോയുടെ താരമായ ദാനിയേൽ കൊറെയ്റോ(24) ആണ് കൊല്ലപ്പെട്ടത്. ബ്രസീലിലെ തെക്കുകിഴക്കൻ നഗരമായ പരാനയിലെ സാവോജോസ് ഡെയ്സ് പിൻഹെയിസിൽ ഇക്കഴിഞ്ഞ ഒക്ടോബർ 28നാണ് ദാനിയേലിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലയാളിയായ എഡിസൻ ബ്രിട്ടസ്(38) പൊലീസിന്റെ പിടിയിലാകുകയും ചെയ്തിരുന്നു. തന്റെ ഭാര്യയെ ദാനിയേൽ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നത് താൻ കൈയോടെ പിടികൂടിയെന്നാണ് എഡിസൻ പൊലീസിനോട് പറഞ്ഞത്.
ദാനിയേലിനെ വീട്ടിലിട്ട് കുത്തിക്കൊന്ന് മൃതദേഹം കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിന് എഡിസന്റെ ഭാര്യ ക്രിസ്റ്റാന, മകൾ അല്ലാന എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.