mandalakalam

തിരുവനന്തപുരം: വിവിധ തീവ്രവാദി ഗ്രൂപ്പുകളിൽ നിന്നും രാജ്യവിരുദ്ധ സംഘങ്ങളിൽ നിന്നും ഭീഷണിയുണ്ടെന്നും മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ രഹസ്യ റിപ്പോർട്ടിനെത്തുടർന്നാണ് ഡി.ജി.പിയുടെ മുന്നറിയിപ്പ്. മണ്ഡലകാലത്ത് സംഘർഷമുണ്ടായേക്കാമെന്ന് നേരത്തെ സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസും മുന്നറിയിപ്പ് നൽകിയത്.

കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും ക്ഷേത്രത്തിലേക്ക് എത്താൻ കാട്ടിലൂടെ ഏറെ ദൂരം സഞ്ചരിക്കേണ്ടതിനാലും തീർത്ഥാടകരുടെ വേഷത്തിൽ തീവ്രവാദികൾ എത്താനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ഇന്റലിജൻസ്, സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി വിഭാഗവും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. കേരളത്തിൽ തീരദേശം വഴി സ്‌ഫോടക വസ്തുക്കൾ കടത്താൻ സാധ്യതയുണ്ട്. അതിനാൽ തീരദേശ ജില്ലകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണം. മറ്റ് സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് ഏജൻസികളുമായി ചേർന്ന് തീവ്രവാദികളുടെ നീക്കങ്ങൾ നിരീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ശബരിമലയിൽ തീർത്ഥാടകർ കൊണ്ടുവരുന്ന ഇരുമുടിക്കെട്ട് ഉപയോഗിച്ച് തീവ്രവാദികൾ സ്‌ഫോടക വസ്തുക്കൾ കടത്താൻ സാധ്യതയുണ്ട്. വിദൂര നിയന്ത്രിത സംവിധാനങ്ങൾ ഉപയോഗിച്ച് സ്‌ഫോടനം നടത്താൻ പല തീവ്രവാദി ഗ്രൂപ്പുകൾക്കും വൈദഗ്‌ദ്ധ്യമുണ്ട്. സംശയമുള്ളവരെയും അവരുടെ കൈവശമുള്ള ഇരുമുടിക്കെട്ടും പരിശോധിക്കണം. കുടിവെള്ള ടാങ്കുകൾ, ഇലക്ട്രിക് കണക്ഷനുകൾ, ശ്രീകോവിൽ, മാളിക്കപ്പുറം ക്ഷേത്രം ഗണപതി കോവിൽ, പാർക്കിംഗ് സ്ഥലം എന്നിവിടങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധവേണമെന്നും നിർദേശമുണ്ട്. പമ്പയിൽ നിന്ന് ട്രാക്ടറുകളിൽ സന്നിധാനത്തേക്ക് എത്തിക്കുന്ന വസ്തുക്കളും കർശന പരിശോധനയ്ക്ക് വിധേയമാക്കണം. കാക്കി പാന്റ്സ് ധരിച്ച് വരുന്നവരെ തിരിച്ചറിയൽ കാർഡുകൾ വാങ്ങി പരിശോധിക്കണമെന്നും നിർദ്ദേശത്തിൽ തുടരുന്നു.