lulu
LULU

 ലുലു സൈബർ ടവർ-2 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു

കൊച്ചി: വികസന രംഗത്ത് കേരളം വളർച്ചയുടെ പുത്തൻ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി ഇൻഫോപാർക്കിൽ ലുലു ഗ്രൂപ്പ് 400 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കിയ ലുലു സൈബർ ടവർ-2 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസാൻ, ഫ്യൂജിത്‌സു തുടങ്ങിയ ആഗോള കമ്പനികൾ സംസ്ഥാനത്ത് ഓഫീസ് തുറന്നു. ആഗോള ഐ.ടി രംഗത്തെ കേന്ദ്രസ്ഥാനമായി കേരളം മാറുന്നതിന്റെ തയ്യാറെടുപ്പാണിത്. ലുലു സൈബർ ടവർ-2 ഈ മുന്നേറ്റത്തിന് ഉണർവാകും.

'നവകേരളം സാദ്ധ്യമാകാൻ" പുനർനിർമ്മാണത്തിനൊപ്പം കൂടുതൽ തൊഴിലവസരവും സൃഷ്‌ടിക്കപ്പെടണം. 11,000ലേറെപ്പേർക്ക് തൊഴിലേകുന്ന ലുലു സൈബർ ടവർ-2 ഇതിന് നല്ല തുടക്കമാണ്. ലോകത്തെ ഏത് കമ്പനിക്കും ഉടൻ പ്രവർത്തിക്കാനാവും വിധം അതിമനോഹരമായാണ് ടവർ-2ന്റെ നിർമ്മാണം. പ്രകൃതിസൗഹാർദ്ദവും തൊഴിൽമടുപ്പ് സൃഷ്‌ടിക്കാത്തതുമായ അടിസ്ഥാനസൗകര്യങ്ങളും ശ്രദ്ധേയം. സംസ്ഥാനത്തെ ഐ.ടി പാർക്കുകളിലെ ഓഫീസ് സ്ഥലപരിധി നിലവിലെ 1.3 കോടി ചതുരശ്ര അടിയിൽ നിന്ന് 2.3 കോടിയാക്കാൻ നടപടിയെടുത്തിട്ടുണ്ട്. രണ്ടരലക്ഷം പേർക്ക് പ്രത്യക്ഷത്തിൽ തൊഴിൽ ലഭിക്കുന്ന നീക്കമാണിത്. ഇൻഫോപാർക്കിന്റെ ശേഷിയിൽ 14 ലക്ഷം ചതുരശ്ര അടിയുടെ വർദ്ധനയാണ് ലുലു സൈബർ ടവർ-2 നൽകുന്നത്.

എം.എ. യൂസഫലിയെ 'കേരളത്തിന്റെ ബ്രാൻഡ് അംബാസഡർ" എന്ന് വിശേഷിപ്പിക്കുന്നപോലെ, ഐ.ടി രംഗത്തും നമുക്ക് അംബാസഡർമാരുണ്ട്. ലോകത്തെ ഏത് മേഖലയിലും പ്രത്യേകിച്ച് ഐ.ടിയിൽ ചെറുപ്പക്കാരായ മലയാളി വിദഗ്ദ്ധരെ കാണാം. അവരുടെ സേവനം കേരളത്തിൽ ലഭ്യമാക്കാൻ വേണ്ടത്ര സംരംഭങ്ങളുണ്ടാവണം. സോഫ്‌റ്ര്‌വെയർ കയറ്റുമതി വർദ്ധിപ്പിക്കാനും പുതിയ നിക്ഷേപകരെ ആകർഷിക്കാനും മികച്ച ഭൗതിക, സാമൂഹിക പശ്‌ചാത്തല സൗകര്യവും വേണം.

കേരളത്തിൽ നിക്ഷേപിക്കണോ എന്ന സംശയം മാറണമെങ്കിൽ സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കണം. അതിനുള്ള പല നിയമഭേദഗതികളും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. അപേക്ഷ നൽകി, നിശ്‌ചിത സമയത്തിനകം ഇപ്പോൾ സംരംഭം തുടങ്ങാം. യൂസഫലിയെപ്പോലെ സ്വപ്രയത്നം കൊണ്ട് സമ്പന്നരായ ഒട്ടേറെ മലയാളികളുണ്ട്. നിക്ഷേപിക്കണോ എന്ന 'മൈൻഡ് ബ്ളോക്ക്" മാറ്റി, കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാൻ അവർ തയ്യാറാകണം. അതിന് എന്ത് തടസമുണ്ടായാലും മുഖ്യമന്ത്രിയെ തന്നെ നേരിട്ട് കണ്ടു പരിഹരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി സ്വാഗതം പറഞ്ഞു. എം.പിമാരായ കെ.വി. തോമസ്, വി. മുരളീധരൻ എന്നിവർ മുഖ്യാതിഥികളായി. എം.എൽ.എമാരായ പി.ടി. തോമസ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എൽദോ എബ്രഹാം, ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ഋശികേഷ് നായർ, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ എം.ടി. ഓമന എന്നിവർ സംസാരിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എം.എ. അഷ്‌റഫ് അലി നന്ദി പറഞ്ഞു. വികസന വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രാഷ്‌ട്രീയം നോക്കാതെ പിന്തുണയ്‌ക്കുന്നുവെന്ന് വി. മുരളീധരൻ എം.പി പറഞ്ഞു.

മാറ്റങ്ങൾക്കൊപ്പം മുന്നേറിയില്ലെങ്കിൽ

നാം പിന്തള്ളപ്പെടും: യൂസഫലി

സൂപ്പർ സോണിക് യുഗത്തിൽ ജീവിക്കുന്ന നാം മാറ്റങ്ങൾക്കൊപ്പം മുന്നേറിയില്ലെങ്കിൽ പിന്തള്ളപ്പെടുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഐ.ടി രംഗത്ത് റോബോട്ടിക്‌സ് എ.ഐ എന്നിങ്ങനെ നിമിഷംപ്രതി മാറ്റങ്ങളുണ്ടാകുന്നു. കുറഞ്ഞ ജീവിതച്ചെലവ്, മികച്ച ഐ.ടി. വിദഗ്ദ്ധരുടെ സാന്നിദ്ധ്യം എന്നിവയുള്ള പ്രദേശമാണ് ഓഫീസുകൾക്കായി ആഗോള കമ്പനികൾ തിരയുന്നത്. അത്തരമൊരു സംരംഭമാണ് ലുലു സൈബർ ടവർ-2.

ലോകത്തെവിടെയും ഐ.ടി. രംഗത്ത് പ്രഗത്ഭർ മലയാളികളാണ്. ഇവിടെ നിന്ന് ജോലിക്ക് പോകുകയല്ല, ഇവിടെ ജോലി സൗകര്യം ഒരുക്കണം. അതിന് സർക്കാരും വ്യവസായികളും ബാങ്കർമാരുമെല്ലാം പങ്കുവഹിക്കണം. കേരളം പലകാര്യത്തിലും മുന്നിലാണ്. പി.പി.പി മോഡലിൽ നാം കൊച്ചി വിമാനത്താവളം യാഥാർത്ഥ്യമാക്കി. ഈ രീതിയിൽ ഇപ്പോൾ ജലപാതയും വരുന്നു. നദിയുടെ തീരത്ത് ട്രേഡിംഗ് ഹബ്ബ്, എണ്ണ സംഭരണകേന്ദ്രം എന്നിങ്ങനെ ആഗോള ട്രെൻഡിനൊപ്പം കേരളവും മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫോപാർക്കിൽ

ഒരു ലക്ഷം പുതിയ തൊഴിൽ

ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വികസനത്തിൽ ഒരുലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്ന് സംസ്ഥാന ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ഋശികേഷ് നായർ പറഞ്ഞു. അധികമായി ഒരുകോടി ചതുരശ്ര അടി ഓഫീസ് സ്‌പേസ് വർദ്ധിപ്പിക്കുന്ന നടപടി 2021ൽ പൂർത്തിയാകും. 2013ൽ താൻ ഇൻഫോപാർക്ക് സി.ഇ.ഒ ആയപ്പോൾ ഇവിടെ 'തേജോമയി" എന്ന മന്ദിരമാണുണ്ടായിരുന്നത്. തേജോമയിയെ പിന്നീട് ലുലു ഗ്രൂപ്പ് ഏറ്റെടുത്തു.

2014ൽ, എം.എ. യൂസഫലിയോട് നിലവിലെ അഞ്ചുലക്ഷം ചതുരശ്ര അടിയിൽ നിന്ന് ഏഴ് ലക്ഷം ചതുരശ്ര അടിയായി ഐ.ടി ഏരിയ ഉയർത്തണമെന്ന് താൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, 15 ലക്ഷം ചതുരശ്ര അടിയാണ് അദ്ദേഹം ലുലു സൈബർ ടവർ-2ലൂടെ സമ്മാനിച്ചതെന്നും ഋശികേഷ് നായർ പറഞ്ഞു.

ലുലു സൈബർ ടവർ-2

 നിക്ഷേപം ₹400 കോടി. 11,000 തൊഴിലവസരങ്ങൾ

 20 നിലകൾ. മൊത്തം 15 ലക്ഷം ചതുരശ്ര അടി. ഒമ്പത് ലക്ഷം അടി (11 നിലകൾ) ഐ.ടി ഓഫീസുകൾക്ക്

 ആദ്യ എട്ട് നിലകൾ (അഞ്ച് ലക്ഷം ചതുരശ്ര അടി) പൂർണമായും കാർ പാർക്കിംഗിന്

 ഒരേസമയം 1,400 കാറുകൾ പാർക്ക് ചെയ്യാം

 ഒരുലക്ഷം ചതുരശ്ര അടിയിൽ ഫുഡ് കോർട്ട്, റെസ്‌റ്റോറന്റുകൾ, ജിം, യോഗ റൂം, ഓഡിറ്രോറിയം തുടങ്ങിയവ