wedding

ചേർത്തല: വീടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിച്ചിറങ്ങിയ പൊലീസ്, ക്ഷേത്രത്തിൽ വിവാഹത്തിനൊരുങ്ങി നിന്ന ഭാര്യയെയും കാമുകനെയും 'മുഹൂർത്ത'ത്തിനു മുൻപ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഇരുപതുകാരിയെയും മണിമല സ്വദേശിയും 27കാരനുമായ കാമുകനെയുമാണ് ചേർത്തല പൊലീസ് പിടികൂടി കാഞ്ഞിരപ്പള്ളി പൊലീസിന് കൈമാറിയത്. യുവതിയുടെ ഭർത്താവിനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുള്ളതായാണ് സൂചന. ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.

ഇതോടെയാണ് ബന്ധുക്കളും നാട്ടുകാരും ഭാര്യയെ അന്വേഷിച്ചത്. കുറിപ്പിൽ സംശയം ഉണ്ടായതിനെ തുടർന്ന് പൊലീസിൽ പരാതിയും നൽകി. ചേർത്തലയ്ക്ക് സമീപത്തെ ക്ഷേത്രത്തിൽ കാമുകനൊപ്പം യുവതി വിവാഹത്തിനായി എത്തിയെന്ന് അറിഞ്ഞതിനെത്തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് ചേർത്തല പൊലീസിന് വിവരം കൈമാറുകയായിരുന്നു. തുടർന്നാണ് ഇരുവരേയും പിടികൂടിയത്. ഒൻപത് ദിവസം മുമ്പ് വീടുവിട്ടെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. ആശുപത്രിയിൽ ബന്ധുവിനോടൊപ്പം കൂട്ടനിൽക്കുമ്പോഴാണ് മറ്റൊരു രോഗിക്ക് കൂട്ടിനെത്തിയ യുവാവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.