റോം: കൃഷിചെയ്യാൻ സൗജന്യഭൂമി, വീടുവയ്ക്കാൻ പലിശരഹിതവായ്പ ഒക്കെ കിട്ടും. പക്ഷേ, ജനങ്ങൾ ചെയ്യേണ്ടത്, ഒന്നുമാത്രം. കുട്ടികൾക്ക് ജന്മം നൽകുക. കുറഞ്ഞത് മൂന്നുകുട്ടികളെങ്കിലും വേണം. സംഗതി സത്യമാണ്.
ഇറ്റാലിയൻ സർക്കാരാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചത്. യൂറോപ്പിൽ ജനസംഖ്യ ഏറ്റവും കുറവുള്ള ഇറ്റലിയിൽ ജനസംഖ്യ കൂട്ടാനും തരിശുകിടക്കുന്ന ഭൂമികൾ കൃഷിയോഗ്യമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പ്രഖ്യാപനം. ലാൻഡ് ഫോർ ചിൽഡ്രൻ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
ഇറ്റലിയുടെ പുതിയ സർക്കാരായ പോപുലിസ്റ്റ് റൈറ്റ് വിംഗ് ലീഗ് പാർട്ടിയാണ് പദ്ധതിക്ക് പിന്നിൽ. വീട്ടിലും നാട്ടിലും രാജ്യത്തും കുട്ടികളുടെ എണ്ണം കൂട്ടാൻവേണ്ടിയാണ് മൂന്നാമത്തെ കുട്ടിക്ക് ഭൂമി അനുവദിക്കുന്നത്. ഇക്കാര്യം രാജ്യത്തിന്റെ പൊതുബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഉൾനാടൻ പ്രദേശത്ത് കുട്ടികൾ ഇല്ലാത്ത ദമ്പതികളെ മുന്നിൽകണ്ടാണ് സർക്കാർ പദ്ധതിക്ക് രൂപംകൊടുത്തിരിക്കുന്നത്.
2019നും 2021നും ഇടയിലാണ് കുട്ടികളുടെ മാതാപിതാക്കൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുക. ഈ രീതിയിൽ ഭൂമി ലഭിക്കുന്ന ദമ്പതികൾക്ക് 20 വർഷംവരെ ഇത് കൃഷിഭൂമിയാക്കി ഉപയോഗിക്കാൻ കഴിയും.
ജനനനിരക്ക് കുറയുന്നതിൽ റെക്കാഡിട്ട ഇറ്റലിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 464000 ജനനങ്ങൾ മാത്രമാണ്.