പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നിനുപിറകെ മറ്റൊന്നായി വിവാദങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വിധിയുമായി മുന്നോട്ടു പോകുമെന്ന് സർക്കാർ പറയുമ്പോഴും മറുവശത്ത് യുവതികളെ ഒരുകാരണവശാലും പ്രവേശിക്കാൻ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് ചില ഹിന്ദുസംഘടനകൾ. എന്നാൽ ശബരിമലയിലേതു പോലെ തന്നെ ആചാരവും പ്രതിഷ്‌ഠയുമെല്ലാം ഒന്നു തന്നെയായ മറ്റൊരു ശബരിമല പത്തനംതിട്ടയിൽ തന്നെയുണ്ട്.ശബരിമല ക്ഷേത്രത്തിന്റെ തനി പ്രതിരൂപമായ പുത്തൻ ശബരിമല ക്ഷേത്രം.
തിരുവല്ലറാന്നി റൂട്ടിൽ തിരുവല്ലയിൽ നിന്ന് 20 കിലോമീറ്റർ ദൂരെ തടിയൂർ എന്ന ഗ്രാമത്തിലാണ് പുത്തൻ ശബരിമല സ്ഥിതി ചെയ്യുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം സാധ്യമാണ് എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 18 പടികളും ഇരുമുടി കെട്ടും മാളികപ്പുറത്ത് അമ്മയുമെല്ലാം ഈ ക്ഷേത്രത്തിലുണ്ട്.അയിരൂർ പഞ്ചായത്തിലെ തടിയൂർ ഗ്രാമത്തിൽ ഒരു കുന്നിന്മുകളിലാണ് അയ്യപ്പക്ഷേത്രം. പഞ്ചലോഹപ്രതിഷ്‌ഠയാണിവിടെ.
ശബരിമലയിലെപ്പോലെതന്നെ കന്നിരാശിയിൽ ഗണപതിപ്രതിഷ്ഠ, കുംഭരാശിയിൽ മാളികപ്പുറത്തമ്മ, മീനം രാശിയിൽ വാവരുസ്വാമി, പതിനെട്ടാംപടിക്കുതാഴെ ഇരുവശത്തുമായി കറുപ്പൻസ്വാമി, കറുപ്പായി അമ്മ, വലിയകടുത്തസ്വാമി, യക്ഷി, സർപ്പം എന്നീ പ്രതിഷ്ഠകളുണ്ട്. ശബരിമലയിലെ അതേയളവിലും രൂപത്തിലുമുള്ളതാണ് പതിനെട്ടാംപടി. ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും ഇവിടെ ദർശനം നടത്താം. ക്ഷേത്രത്തിന്റെ വടക്കേനടയിൽക്കൂടി അകത്തേക്ക് പ്രവേശിക്കാം. എന്നാൽ പതിനെട്ടാംപടി ചവിട്ടുന്നതിന് ശബരിമല ക്ഷേത്രത്തിലെ എല്ലാ നിയമങ്ങളും ഇവിടെയും ബാധകമാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിസ്ഥാനവും ശബരിമലയിലെ താന്ത്രികരായ താഴ‌്‌മൺമഠത്തിന് തന്നെയാണ്. ഒരുകാലത്ത് നിബിഡവനമായിരുന്ന പുത്തൻശബരിമലയിൽ, മണികണ്ഠൻ പുലിപ്പാൽ അന്വേഷിച്ചുള്ള യാത്രയ്‌ക്കിടെ ഋഷീശ്വരന്മാരുടെ ആശ്രമത്തിൽ താമസിച്ചതായാണ് ഐതിഹ്യം.
തിരുവല്ലറാന്നി റൂട്ടിൽ തിരുവല്ലയിൽനിന്ന് 20 കിലോമീറ്റർ ദൂരെ കട്യാർ ജങ്ഷനിൽനിന്ന് ഒന്നര കിലോമീറ്റർ തെക്കോട്ടുമാറിയും റാന്നിയിൽനിന്നു 10 കിലോമീറ്റർ പടിഞ്ഞാറുമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.