ബംഗളൂരു: ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ കർണാടകയിൽ ജെ.ഡി.എസ് - കോൺഗ്രസ് സർക്കാർ വിപുലമായ പരിപാടികളോടെ ടിപ്പു ജയന്തി ആഘോഷിച്ചു. അതേസമയം, മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കാത്തത് കല്ലുകടിയായി. കുമാരസ്വാമിയുടെ കപടമതേതരത്വം ഇതോടെ പൊളിഞ്ഞുവീഴുമെന്ന് പേടിച്ചാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ അനാരോഗ്യം കാരണമാണ് ഇരുവരും ചടങ്ങിന് എത്താത്തതെന്ന് സർക്കാർ വൃത്തങ്ങളും വിശദീകരിക്കുന്നു.
കർണാടക സർക്കാരിന്റെ കപട മതേതരത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് നടന്നതെന്ന് കർണാടക ബി.ജെ.പി വക്താവ് എസ്.പ്രകാശ് ആരോപിച്ചു. ജനങ്ങളിൽ നിന്ന് പ്രതിഷേധമുണ്ടാകുമെന്ന് ഭയന്നാണ് ഇരുവരും പരിപാടിയിൽ നിന്നും പിന്തിരിഞ്ഞത്. പരിപാടി സംഘടിപ്പിച്ചവർ തന്നെ വിട്ടുനിൽക്കുന്നത് മോശമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ബി.ജെ.പിയുടെ പ്രതിഷേധത്തിൽ പുതിയതൊന്നും ഇല്ലെന്നാണ് കോൺഗ്രസ് മന്ത്രി സമീർ അഹമ്മദിന്റെ പ്രതികരണം. ടിപ്പു ജയന്തി ആഘോഷിക്കുമെന്ന് കോൺഗ്രസ് മൂന്ന് വർഷം മുമ്പ് പറഞ്ഞപ്പോൾ തന്നെ ബി.ജെ.പി ഇക്കാര്യം എതിർത്തതാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് ഇപ്പോൾ ബി.ജെ.പി സമരം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിപ്പു സുൽത്താൻ സ്വാതന്ത്ര്യ സമരസേനാനിയാണെന്ന് അവകാശപ്പെട്ട് 2015 മുതലാണ് കർണാടക സർക്കാർ അദ്ദേഹത്തിന്റ ജന്മദിനം ഗംഭീര ചടങ്ങുകളോടെ ആഘോഷിക്കാൻ തീരുമാനിച്ചത്. എന്നാൽ ഹിന്ദുക്കളെയും ക്രിസ്‌ത്യാനികളെയും കൊന്നൊടുക്കിയ ക്രൂരനായ ഭരണാധികാരിയാണ് ടിപ്പു സുൽത്താനെന്നാണ് ബി.ജെ.പിയുടെ ആരോപണം. ന്യൂനപക്ഷ സമുദായങ്ങളെ പ്രീണിപ്പിക്കാനായി പൊതുഖജനാവിൽ നിന്നും സർക്കാർ അനാവശ്യമായി പണം ചെലവിടുകയാണെന്നും ബി.ജെ.പി ആരോപിക്കുന്നു.