bjp

ലക്‌നൗ:ഫൈസാബാദിന്റെ പേര് 'ശ്രീ അയോദ്ധ്യ'യെന്ന് മാറ്റിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ കൂടുതൽ നഗരങ്ങളുടെ പേര് മാറ്റണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെടുന്നു .

ആഗ്രയുടെ പേര് 'ആഗ്രവൻ' എന്നാക്കണമെന്നാണ് ബി.ജെ.പി നേതാവ് ജഗൻ പ്രസാദിന്റെ ആവശ്യം. മുസാഫർനഗർ 'ലക്ഷ്‌മി നഗർ' ആക്കണമെന്നു ബി.ജെ.പി എം.എൽ.എ സംഗീത് സോം ആവശ്യപ്പെട്ടു. അഹമ്മദാബാദിന്റെ പേര് 'കർണാവതി' എന്ന് മാറ്റുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിച്ചിരുന്നു. തെലുങ്കാനയിൽ അധികാരത്തിൽ എത്തിയാൽ ഹൈദരാബാദിനെ 'ഭാഗ്യനഗർ' ആക്കുമെന്ന് ബി.ജെ.പി എം.എൽ.എ രാജാസിംഗ് പറഞ്ഞു. ഔറംഗാബാദിനെ 'സംബാജിനഗർ' എന്നും ഉസ്‌മാനാബാദിനെ 'ധാരാശിവ നഗർ ' എന്നും മാറ്റണമെന്ന് മഹാരാഷ്ട്രയിലെ ശിവസേന ആവശ്യപ്പെട്ടു. ഹിമാചൽപ്രദേശിലെ ഷിംല വിനോദസഞ്ചാര കേന്ദ്രത്തിന്റെ പേര് ബി.ജെ.പി സർക്കാർ 'ശ്യാമള' എന്ന് മാറ്റിയത് അടുത്തിടെയാണ്.

അലിഗഡ് 'ഹരിനഗർ ബസ്തി 'ബിശിഷ്ട നഗർ' എന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി എം.എൽ.എ അജയ് കുമാർ സിംഗ്,​ യോഗി ആദിത്യനാഥിന് കത്തയച്ചു. നേരത്തെ മുഗൾസരായി റെയിൽവേ സ്റ്റേഷന്റെ പേര് 'ദീൻ ദയാൽ ഉപാദ്ധ്യായ സ്റ്റേഷൻ' എന്നും അലഹബാദിന്റെ പേര് 'പ്രയാഗരാജ്' എന്നും യോഗി സർക്കാർ മാറ്റിയിരുന്നു.

മുസ്ളിം നേതാക്കളുടെ പേരും മാറ്റുമോ?

മുഗൾ നഗരങ്ങളുടെ പേരുമാറ്റുന്നവർ ബി.ജെ.പിയിലെ മുസ്ളീം നേതാക്കളുടെയും മന്ത്രിമാരുടെയും പേരുമാറ്റുമോ എന്ന് ഉത്തർപ്രദേശിലെ സഖ്യകക്ഷി നേതാവും പിന്നാക്ക ക്ഷേമ മന്ത്രിയുമായ​ ഒാം പ്രകാശ്​ രാജ്​ഭർ പരിഹസിച്ചു. 'ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ,​ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി,​ യു.പി മന്ത്രി മൊഹ്സിൻ റാസ തുടങ്ങി ബി.ജെ.പിയിലെ മുസ്ളീം പ്രതിനിധികളുടെ പേരുകളാണ് ആദ്യം മാറ്റേണ്ടത്. താജ്മഹൽ, റെഡ് ഫോർട്ട് തുടങ്ങിയവയെല്ലാം രാജ്യത്തിന് നൽകിയത് മുസ്ളിങ്ങളാണെന്നും രാജ്ഭർ പറഞ്ഞു.