ps-sreedaran-pillai

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിക്കുമെന്ന ഘട്ടമെത്തിയപ്പോൾ തന്ത്രി നട അടച്ചത് തന്നോട് ചോദിച്ചിട്ടാണെന്ന നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള രംഗത്തെത്തി. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താൻ ഉദ്ദേശിച്ചത്. എന്നെ വിളിച്ചിട്ടില്ലെന്ന് അവർ പറഞ്ഞതോടെ ആ വിവാദം തീർന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ നട അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി കണ്‌ഠരര് രാജീവരര് തന്നെ വിളിച്ചിരുന്നതായി കോഴിക്കോട് യുവമോർച്ചാ സമ്മേളനത്തിൽ ശ്രീധരൻപിള്ള പറഞ്ഞിരുന്നു.

ശബരിമലയിലെ നട അടക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തിലെ ചിലർ തന്നെ വിളിച്ചിരുന്നു. അതാരാണെന്ന് ഓർക്കുന്നില്ല. എൻ.ഡി.എ നേതാവല്ലാത്ത ആരുടെയോ ഫോണിൽ നിന്നാണ് അവർ തന്നെ വിളിച്ചത്. തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞുവെങ്കിൽ അതാണ് ശരി. രാജീവരരുടെ പേര് താൻ പറഞ്ഞിട്ടില്ലെന്നും പിള്ള വ്യക്തമാക്കി.

പിണറായിയും സഖാക്കളും തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു : ശ്രീധരൻപിള്ള

ശബരിമല യുവതീപ്രവേശനത്തിനെതിരെ എൻ.എസ്.എസ് സ്വീകരിച്ച ശക്തമായ നിലപാടിനെത്തുടർന്ന് ഒന്നിന് പിറകെ ഒന്നായി കരയോഗങ്ങളുടെ ആസ്ഥാനമന്ദിരങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കാൻ സി.പി.എം പ്രവർത്തകർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ള പ്രസ്താവനയിൽ ആരോപിച്ചു. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെയേ ഇങ്ങനെ അക്രമികൾ അഴിഞ്ഞാടൂ എന്നതുകൊണ്ടുതന്നെ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ് പിണറായിയും സഖാക്കളും.

വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാനുള്ള സമരത്തിൽ എൻ.എസ്.എസ് ഒറ്റയ്ക്കല്ലെന്നത് മുഖ്യമന്ത്രിക്കും അറിവുള്ളതാണ്.അത് കൊണ്ട് കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്യാൻ ഇടതുമുന്നണി സർക്കാർ ശ്രമിക്കരുത്. സി.പി.എം ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കുന്ന പിണറായിയുടെ പൊലീസ് ആയിരക്കണക്കിന് അയ്യപ്പഭക്തരെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി അറസ്റ്റ് ചെയ്ത് കള്ളക്കേസുകളിൽ കുടുക്കിയത്. നാമം ജപിച്ചു എന്നത് മാത്രമാണിവർ ചെയ്ത കുറ്റം.

നെയ്യാറ്റിൻകരയിൽ നടന്ന ഹീനമായ കൊലപാതകത്തിൽ കുറ്റവാളിയായ ഡി.വൈ.എസ്.പി ഒളിവിൽ പോയത് ഉന്നതരുടെ ഒത്താശയോടെയാണ്. എൻ.എസ്.എസ് മന്ദിരങ്ങൾക്ക് നേരേ നടന്ന അക്രമങ്ങളിലും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയില്ല. സുപ്രീംകോടതി വിധി നടപ്പാക്കുന്നുവെന്ന വ്യാജേന രാഷ്ട്രീയ ആവശ്യങ്ങൾക്കായി പൊലീസിനെ ദുരുപയോഗം ചെയ്യുകയാണ് പിണറായി വിജയൻ. വിമോചനസമരകാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള അധികാര ദുർവിനിയോഗമാണ് കേരളത്തിൽ ഇന്ന് നടക്കുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.