മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ യൂത്ത് ലീഗ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. മലപ്പുറം ജില്ലയിൽ മന്ത്രി ഇന്ന് പങ്കെടുത്ത ചടങ്ങുകളിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്‌തു. ചിലയിടങ്ങളിൽ റോഡ് ഉപരോധിച്ച പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു. അക്രമാസക്തരായ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
കൊണ്ടോട്ടിയിൽ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. കൊണ്ടോട്ടിയിൽ മോയിൻകുട്ടി വൈദ്യർ സ്‌മാരകത്തിന് മുന്നിൽ മന്ത്രിയുടെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. ഇവരെ മാറ്റാൻ പൊലീസ് ശ്രമിക്കുന്നതിനിടെ യൂത്ത് ലീഗ് പ്രവർത്തകരെ നേരിടാൻ സി.പി.എം പ്രവർത്തകർ എത്തിയത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചു. മലപ്പുറം ബസ് സ്‌റ്റാൻഡിന് സമീപം മന്ത്രിയുടെ കാറിന് നേരെ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്‌തു.
അതേസമയം, വിവാദത്തിൽ മന്ത്രി ജലീലിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. ബന്ധുനിയമന വിവാദത്തിൽ പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ നടക്കുന്നത് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രതികാരമാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയെപ്പോലെ വർഗീയ പ്രചാരണം നടത്തുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗെന്ന് കോടതിയും പറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പിലെ വർഗീയ പ്രചാരണങ്ങൾ മുസ്‌ലിം ലീഗ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തിൽ ജലീലിനുള്ള സ്വാധീനമാണ് അദ്ദേഹത്തിനെതിരെ മുസ‌്ലിം ലീഗ് തിരിയാൻ കാരണം. ജലീൽ കുറ്റം ചെയ്‌തുവെന്ന് പാർട്ടി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.