ചെന്നൈ: മുതിർന്ന നടി ലക്ഷ്‌മി കൃഷ്‌ണമൂർത്തി അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്താൽ ഏറെ നാളായി ചികിത്സയിലായിരുന്നു അവർ.
മലയാളസിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന നടിയായിരുന്നു ലക്ഷ്‌മി കൃഷ്‌ണമൂർത്തി. കോഴിക്കോട് ആകാശവാണിയിൽ അനൗൺസറായായിരുന്നു കരിയറിന്റെ തുടക്കം. തുടർന്ന് എം.ടി. വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്‌ത 'പഞ്ചാഗ്‌നി'യിലൂടെ 1986ൽ സിനിമയിലെത്തി.
പിന്നീട് 'ഈ പുഴയും കടന്ന്', 'തൂവൽക്കൊട്ടാരം', 'ഉദ്യാനപാലകൻ', 'പിറവി', 'വാസ്‌തുഹാര', 'നാലുകെട്ട്', 'കളിയൂഞ്ഞാൽ', 'വിസ്‌മയം', 'പട്ടാഭിഷേകം', 'പൊന്തൻമാട', 'സാഗരം സാക്ഷി', 'വിഷ്ണു', 'അനന്തഭദ്രം', 'വിസ്‌മയത്തുമ്പത്ത്', 'മല്ലുസിംഗ്', സന്തോഷ് ശിവന്റെ 'ബിഫോർ ദ റെയിൻസ്', കന്നട ചിത്രം 'സംസ്‌കാര', മണിരത്‌നം ചിത്രം 'കന്നത്തിൽ മുത്തമിട്ടാൽ'എന്നു തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിരവധി ടെലിസീരിയലുകളിലും വേഷമിട്ടു.