ബംഗളുരു : ബി.ജെ.പിയുടേയും ആർ.എസ്.എസിന്റെയും വ്യാപക പ്രതിഷേധത്തിനിടെ കർണാടകത്തിൽ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിച്ചു. വിധാൻ സൗധയിലെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിട്ടുനിന്നു. ആരോഗ്യപ്രശ്നങ്ങളാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
ടിപ്പു സുൽത്താൻ സ്വാതന്ത്യസമര സേനാനിയായിരുന്നുവെന്ന വിശദീകരണത്തോടെ 2015-ൽ കോൺഗ്രസ് ആരംഭിച്ച ടിപ്പു ജയന്തി ആഘോഷങ്ങളെ മുമ്പ് കുമാരസ്വാമി അനുകൂലിച്ചിരുന്നില്ല. കുമാരസ്വാമിക്കൊപ്പം ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും വിട്ടു നിന്നതോടെ ടിപ്പു ജയന്തി വിഷയത്തിൽ ജനതാദൾ - കോൺഗ്രസ് ഭിന്നത പരസ്യമായി.
നിർബന്ധിത മതപരിവർത്തനം നടത്തിയ ടിപ്പു സുൽത്താന്റെ പേരിൽ ആഘോഷങ്ങൾ പാടില്ലെന്ന നിലപാടുമായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സംഘ്പരിവാർ പ്രതിഷേധിച്ചു. മംഗളൂരു നഗരത്തിൽ 70 ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. ഉഡുപ്പിയിൽ 12 പേരെയും അറസ്റ്റു ചെയ്തു.കുടകിൽ ഇന്നലെ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. മതസൗഹാർദ്ദം തകർക്കാനുളള ശ്രമമാണ് ബി.ജെ.പി ടിപ്പു ജയന്തിയെ എതിർക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.