ചെന്നൈ: ഇന്ത്യ -വെസ്റ്രിൻഡീസ് ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്രേഡിയത്തിൽ നടക്കും. രാത്രി 7 മുതലാണ് മത്സരം. ആദ്യത്തെ രണ്ട് മത്സരവും ജയിച്ചു കഴിഞ്ഞ ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ ലക്ഷ്യം. നേരത്തേ ടെസ്റ്ര്, ഏകദിന പരമ്പരകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. മറുവശത്ത് അവസാന മത്സരം ജയിച്ച് മുഖം രക്ഷിക്കാനാകും വെസ്റ്രിൻഡീസിന്റെ ശ്രമം.
കുൽദീപ് യാദവ്, ജസ്പ്രീത് ബുംര, ഉമേഷ് യാദവ് എന്നീ മൂന്ന് മുൻനിര ബൗളർമാർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. പഞ്ചാബി പേസർ സിദ്ധാർത്ഥ് കൗളിനെ പകരം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പിന്നർ വാഷിംഗ്ടൺ സുന്ദറിന് നാട്ടിൽ കളിക്കാൻ അവസരം നൽകാൻ സാധ്യതയുണ്ട്.
ഫോമിലല്ലാത്ത വിക്കറ്ര് കീപ്പർ ബാറ്റ്സ്‌മാൻ ദിനേഷ് രാംദിൻ ഇന്ന് വിൻഡീസ് നിരയിൽ ഉണ്ടാകാൻ സാധ്യതയില്ല. നിക്കോളാസ് പൂരനായിരിക്കും പകരം വിക്കറ്റ് കീപ്പറാകാൻ സാധ്യത. ആൾ റൗണ്ടർ റോവ്മാൻ പവലിന് ഇന്ന് അവസരം ലഭിച്ചേക്കും. രാത്രി 7 മുതൽ സ്‌റ്രാർസ്പോർട്സ് ചാനലുകളിൽ തത്സസമയ സംപ്രേഷണം