raghuram-rajan

കാലിഫോർണിയ: നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ പുറകോട്ടടിച്ചെന്ന് മുൻ ആർ.ബി.ഐ ഗവർണർ രഘുരാം രാജൻ. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയയിലെ ഒരു വേദിയിൽ സംസാരിക്കവേയാണ് മുൻ ആർ‌.ബി.ഐ ഗവർ‌ണർ ഇത് പറഞ്ഞത്. ഇന്ത്യയുടെ ഏഴ് ശതമാനം വളർച്ച പര്യാപ്തമല്ല. 2012 മുതൽ 2016 വരെയുള്ള നാല് വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച വേഗത്തിലായിരുന്നു. എന്നാൽ നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ആഘാതം സാമ്പത്തിക ഘടനയെ മോശമായി ബാധിച്ചു. ഇന്ത്യ മികച്ച സാമ്പത്തിക പുരോഗതി നേടിക്കൊണ്ടിരുന്ന സമയത്താണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായത്. ലോകം മുഴുവൻ നേട്ടം കൊയ്ത 2017ൽ ഇന്ത്യ താഴോട്ടാണ് പോയത്. നോട്ട് നിരോധനവും ജി.എസ്.ടിയും അത്രമേൽ പ്രത്യാഘാതമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ 25 വർഷത്താോളം ഏഴ് ശതമാനം സാമ്പത്തിക വളർച്ച നിലനിറുത്തിയത് നല്ലൊരു നേട്ടമാണ്. എന്നിരുന്നാലും ഇന്ത്യ പോലൊരു രാജ്യത്ത് അത് പര്യാപ്തമല്ല. ഈ വളർച്ച വച്ച് പുതിയതായി തൊഴിലന്വേഷിക്കുന്ന ഇന്ത്യക്കാർക്ക് ജോലി നൽകാനാകില്ലെന്നും രഘുരാം രാജൻ പറ‌ഞ്ഞു.

2016 നവംബർ എട്ടിന് നടപ്പിലാക്കിയ നോട്ട് നിരോധനം പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ലായെന്ന് അനവധി സാമ്പത്തിക വിദഗ്ദന്മാർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ നേട്ടം കൊയ്തു എന്നാണ് ധനകാര്യ മന്ത്രി അരുൺ ജെയിറ്റ്‌ലിയുടെ വാദം.