rahul-

കൊച്ചി : ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായി ദേവസ്വംബോർഡ് നിലപാടെടുത്താൽ കാണിക്ക ഇടുന്നതിനെ എതിർക്കുന്നതുൾപ്പെടെയുള്ള തീവ്രനിലപാടെടുക്കുമെന്ന് അയ്യപ്പ ധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ.

ശബരിമല സി.പി.എമ്മിന്റെ നിലപാട് അടിച്ചേൽപിക്കാനുള്ള സ്ഥലമല്ല. ദേവസ്വം ബോർഡ് ക്ഷേത്ര താത്പര്യം മറന്ന് പാർട്ടി നയം അടിച്ചേൽപ്പിച്ചു തുടങ്ങിയാൽ, ഭക്തർ കാശിടേണ്ട എന്നു പറഞ്ഞാൽ അവരെ തടയാനാവില്ല. ദേവസ്വം ഹുണ്ടികകളിൽ പണത്തിനു പകരം സ്വാമിയേ ശരണമയ്യപ്പാ എന്ന കുറിപ്പെഴുതിയിടണം, അമ്പലവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് ദക്ഷിണ കൊടുത്തോളൂ എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. ഇപ്പോൾ ഞങ്ങൾക്ക് അത്തരം നിലപാടുകളില്ല. എന്നാൽ ദേവസ്വം ബോർഡ് ശബരിമലയ്‌ക്കെതിരെ വാദിക്കുകയാണെങ്കിൽ ഞങ്ങളെ പോലുള്ളവർക്ക് ദേവസ്വത്തിന്റെ ഹുണ്ടികകളിൽ കാശിടരുതെന്ന് ആഹ്വാനം ചെയ്യുന്നത് ഉൾപ്പെടെയുള്ള നിലപാടിലേക്ക് പോകേണ്ടിവരുമെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഈശ്വർ പറഞ്ഞു.

ശബരിമലയിലെ കാണിക്കയെടുത്ത് അതേ അമ്പലത്തിലെ ദേവനെതിരെ വാദിക്കുക എന്നത് അന്യായമാണ്. ആര്യാമ സുന്ദരത്തെ പോലെ ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകനെ വരുത്തി അയ്യപ്പനെതിരെ വാദിക്കാനുള്ള ദേവസ്വം ബോർഡിന്റെ നീക്കം ഏറ്റവും വൃത്തികെട്ട സത്യപ്രതിജ്ഞാ ലംഘനമാണ്. അനുകൂലിച്ചില്ലെങ്കിലും മിണ്ടാതെയെങ്കിലും ഇരിക്കാനുള്ള മാന്യത കാണിക്കണമായിരുന്നുവെന്ന് രാഹുൽ ഈശ്വർ ചോദിച്ചു.

ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി.മോഹൻദാസ് സമർപ്പിച്ച ഹർജി ശക്തിയുക്തം എതിർക്കുകയാണ്. ബഹുസ്വരതയെ തകർക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. ടി.ജി. മോഹൻദാസിന്റെ ഹർജിയെ ഹൈക്കോടതിയിൽ കക്ഷി ചേർന്ന് എതിർക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.