fire

സാൻഫ്രാൻസിസ്കോ : തെക്കൻ കാലിഫോർണിയയിൽ കൊടിയ നാശം വിതച്ച കാട്ടു തീയിൽപ്പെട്ട് ഇതുവരെ 9 പേർ മരിക്കുകയും 35 പേരെ കാണാതാവുകയും ചെയ്‌തു. അഞ്ച് പേരെ വെന്തുമരിച്ച നിലയിൽ കാറിലാണ് കണ്ടെത്തിയത്. രണ്ടര ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു നൂറുകണക്കിന് അഗ്നിശമനാസേനാ ഉദ്യോഗസ്ഥർ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെങ്കിലും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.

ഇത് കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്.'വൂൾസി ഫയർ' എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയിൽ 70,000 ഏക്കർ കത്തി നശിച്ചു. 6,​700 കെട്ടിടങ്ങളെ അഗ്നി വിഴുങ്ങി. നിരവധി വന്യമൃഗങ്ങളും ചത്തു.

ഉത്തര സാൻഫ്രാൻസിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോർണിയ ഭാഗത്തും അഗ്നി താണ്ഡവമാടുകയാണ്. മാലിബു നഗരത്തിലും തീ പടർന്നു. ഇവിടെ പല വീടുകളും കത്തി. നഗരത്തിലേക്കും തീ പടർന്നതോടെ ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവരെ മാറ്റിപാർപ്പിച്ചു.

കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതൽ. കാലാബസാസിലാണ് ടിവി താരം കിം കർദാഷിയാൻ അടക്കമുളള നിരവധി താരങ്ങൾ താമസിക്കുന്നത്. മാലിബുവിലെ വീട്ടിൽ നിന്ന് മാറിയതായി ഗായിക ലേഡി ഗാഗ വ്യക്തമാക്കി. ഓസ്‌കാർ ജേതാവായ സംവിധായകൻ ഗില്ലെർമോ ഡെൽ ടോറേയും മാറി താമസിച്ചു.

കാട്ടു തീ പടരുന്നതിന് പിന്നിൽ വനംവകുപ്പിന്റെ പിടിപ്പുകേടാണെന്ന് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു.