rbi

വാഷിംഗ്‌ടൺ: നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിച്ചെന്നും നിലവിലെ ഏഴ് ശതമാനം വളർച്ച രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പര്യാപ്‌തമല്ലെന്നും റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ തുറന്നടിച്ചു.

കാലിഫോർണിയ സർവകലാശാലയിൽ 'ഫ്യൂച്ചർ ഒഫ് ഇന്ത്യ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

2012 മുതൽ 2016 വരെ ലോകത്തെ ഏറ്റവും വേഗം വളരുന്ന രാജ്യമായിരുന്നു ഇന്ത്യ. ആഗോള സമ്പദ്‌വ്യവസ്ഥയും മുന്നേറി. എന്നാൽ നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ഇന്ത്യയെ പിന്നോട്ടടിച്ചു. ലോകം മുന്നേറുമ്പോൾ ഇന്ത്യ പിന്നോട്ട് പോയി. ലോക സമ്പദ്‌വ്യവസ്ഥയിലെ വലിയ വിപണി എന്ന നിലയിൽ ഇന്ത്യയുടെ വള‌ർച്ച പ്രധാനമാണ്. അസംഖ്യം പേരാണ് ഓരോ വർഷവും ഇന്ത്യൻ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുന്നത്.

ഈ സാഹചര്യത്തിൽ ഏഴ് ശതമാനം വളർച്ച പര്യാപ്‌തമല്ല. പ്രതിമാസം 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ ഇന്ത്യയിൽ സൃഷ്‌ടിക്കപ്പെടണം. നോട്ട് അസാധുവാക്കലും ജി.എസ്.ടിയും സൃഷ്‌ടിച്ച തിരിച്ചടികളിൽ നിന്ന് രാജ്യം കരകയറുകയാണെങ്കിലും സാമ്പത്തിക വളർച്ചയ്ക്ക് പുതിയ തിരിച്ചടിയായി ക്രൂഡോയിൽ വില ഉയരുന്നു. ഇത് സ്ഥിതി കൂടുതൽ മോശമാക്കും.

മൂന്ന് പ്രധാന വെല്ലുവിളികളാണ് ഇന്ത്യ നേരിടുന്നത്. മോശം അടിസ്ഥാനസൗകര്യമാണ് ഒന്ന്. അടിസ്ഥാനസൗകര്യം മികവുറ്റതായാലേ തൊഴിലവസരമുയരൂ. രണ്ട്, വൈദ്യുതി മേഖലയെ പുനഃക്രമീകരിക്കണം. വൈദ്യുതി യഥാർത്ഥ ഗുണഭോക്താവിന് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ബാങ്കുകളുടെ ശുദ്ധീകരണമാണ് മൂന്നാമത്തേത്. ഇതിലൂടെ മാത്രമേ കിട്ടാക്കട പ്രതിസന്ധി ഒഴിവാകൂ. ഇതിനായി, ബാങ്ക്‌റപ്‌റ്റ്‌സി നിയമത്തെ മാത്രം ആശ്രയിക്കരുത്. നിരവധി വഴികളിൽ ഒന്നുമാത്രമായിരിക്കണം ബാങ്ക്‌റപ്‌റ്ര്‌സി. കിട്ടാക്കട പ്രതിസന്ധി ഇന്ത്യയെ ഏറെ വലച്ചിട്ടുണ്ട്. അത് തരണം ചെയ്യാനുള്ള ഉപായങ്ങൾ നമുക്കില്ലായിരുന്നു.

ഏത് കാര്യത്തിനും കേന്ദ്രാനുമതി വേണമെന്നതാണ് സ്ഥിതി. സർദാർ പട്ടേലിന്റെ പ്രതിമ നിർമ്മാണത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി തേടിയത് ഇതിന് ഉദാഹരണമായി രാജൻ ചൂണ്ടിക്കാട്ടി.

നോട്ട് റദ്ദാക്കൽ

2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. 15.4 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഒറ്റ രാത്രിയോടെ വെറും കടലാസായത്.

ജി.എസ്.ടി

ഒരു രാജ്യം, ഒരു നികുതി എന്ന ലക്ഷ്യവുമായി 2017 ഏപ്രിൽ ഒന്നിനാണ് ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിൽ വന്നത്.

വളർച്ച തിരിച്ചുകയറുന്നു

2016 ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 7.9 ശതമാനം സാമ്പത്തിക വളർച്ച നേടിയ ഇന്ത്യ, നോട്ട് റദ്ദാക്കലിനെ തുടർന്ന് 2017 ഏപ്രിൽ-ജൂണിൽ 5.6 ശതമാനത്തിലേക്ക് തകർന്നിരുന്നു. പിന്നീട്, പടിപടിയായി സ്ഥിതി മെച്ചപ്പെടുത്തി. ഈവർഷം എപ്രിൽ-ജൂണിൽ 8.2 ശതമാനമാണ് വളർച്ച.