കോഴിക്കോട് : യുവമോർച്ച വേദിയിലെ പ്രസംഗത്തിന്റെ പേരിൽ എന്ത് നടപടിയുണ്ടായാലും അതിൽ നിന്ന് ഒരുവാക്ക് പോലും പിൻവലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. എൻ.ഡി.എ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്‌ക്ക് കോഴിക്കോട്ട് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ തീരുമാനം അനുസരിച്ച് മുന്നോട്ടു പോകും. പാർട്ടിയിൽ ഏകാധിപത്യമാണോ എന്ന് നോക്കാൻ ആരും വരേണ്ട. ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നുള്ള അവസ്ഥയിലായതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശ്വാസികൾക്കൊപ്പം എന്ന് പറയുന്നത്.
വിശ്വാസികൾക്കൊപ്പമാണോ, അല്ലെങ്കിൽ നേരത്തേ പുറത്തിറക്കിയ തെറ്റുതിരുത്തൽ രേഖയോടൊപ്പമാണോ എന്ന് സി.പി.എം പറയണം. കോടതി വിധി പരിശോധിക്കാതെ വിശ്വാസികൾക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയായിരുന്നു പിണറായി വിജയൻ. ശബരിമലയിൽ പോകാൻ പൊലീസ് സ്റ്റേഷനിൽ പോകണമെന്ന ഉത്തരവ് അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ വോട്ട് പോകുമെന്ന് ഭയപ്പെട്ട് അവ്യവസ്ഥയുടെ പര്യായമായി കോൺഗ്രസ് മാറി. രാഹുൽ ഗാന്ധി തള്ളിപ്പറഞ്ഞതുപോലെ അമിത്ഷാ കേരളത്തിലെ ബി.ജെ.പിയുടെ നയത്തെ തള്ളിപ്പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ശബരിമല സംരക്ഷണ രഥയാത്രയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറിമാരായ ടി.വി. ബാബു, സി. സുഭാഷ് വാസു, അരയാക്കണ്ടി സന്തോഷ്, കെ.എ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥ്, കെ. പൊന്നപ്പൻ, രാജൻ കന്നാട്ട്, ഗിരി പാമ്പനാൽ, ബി.ജെ.പി നേതാക്കാളായ സി.കെ. പദ്മനാഭൻ, എം.ടി. രമേശ്, പി.എം. വേലായുധൻ, എ.എൻ. രാധാകൃഷ്ണൻ, പ്രകാശ് ബാബു, ചേറ്റൂർ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ കുറ്റിയിൽ സതീഷ് സ്വാഗതം പറഞ്ഞു. പി. ജിജേന്ദ്രൻ ജാഥാ നായകർക്ക് ഹാരാർപ്പണം നടത്തി. പൊക്കിനാരി ഹരിദാസൻ ഷാൾ അണിയിച്ചു. ചടങ്ങിൽ ഗുരുസ്വാമിമാരെ ആദരിച്ചു.