mother-in-law

ന്യൂഡൽഹി: തന്റെ അമ്മയെ ഭാര്യ വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നതായി ഡൽഹി വനിതാ കമ്മിഷന്റെ ഹെൽപ് ലൈനിൽ വന്ന പരാതി അന്വേഷിക്കാനെത്തിയ അംഗങ്ങൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ. 95 വയസുള്ള തന്റെ അമ്മ പൂർണമായും കിടപ്പിലാണെന്നും ഭാര്യയും താനും ഭിന്നതയിലാണെന്നും കഴിഞ്ഞ മൂന്ന് മാസമായി താൻ അമ്മയെ കണ്ടിട്ടെന്നും ഇയാൾ വനിതാകമ്മിഷനിൽ വിളിച്ചറിയിച്ചിരുന്നു.

അമ്മയെ കാണുന്നതിന് പൊലീസിന്റെ സഹായം തേടിയിരുന്നതായും പൊലീസ് കൂടെയില്ലെങ്കിൽ ഭാര്യ തന്നെ വീടിനകത്തേക്ക് കയറാന്‍ അനുവദിക്കാറില്ലെന്നും ഇയാൾ പറഞ്ഞു. തുടർന്ന് മകനോടൊപ്പം സംഭവ സ്ഥലത്തെത്തിയ വനിതാ കമ്മിഷൻ അംഗങ്ങളെ യുവതി വീട്ടിൽ കയറാൻ യുവതി അനുവദിച്ചില്ല. നീണ്ട നേരത്തെ സമവായചർച്ചകൾക്കൊടുവിൽ വനിതാകമ്മീഷൻ അംഗങ്ങളെ വീട്ടിൽ കയറ്റാമെന്ന് യുവതി സമ്മതിക്കുകയായിരുന്നു. പക്ഷേ അമ്മയെ വീട്ടിൽ നിന്ന് കൊണ്ടുപോയശേഷം പിന്നിട് ഒരിക്കലും ഭർത്താവ് തന്റെ വീട്ടിലേക്ക് വരില്ലെന്ന് കരാർ എഴുതി നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. ഈ തീരുമാനം അംഗീകരിച്ച് ഭർത്താവ് കരാർ എഴുതി നൽകിയ ശേഷമാണ് അംഗങ്ങൾക്ക് അകത്തേക്ക് പ്രവേശിക്കാനായത്.

വീടിന്റെ അകത്ത് കടന്ന പൊലീസും വനിതാ കമ്മിഷന്‍ അംഗങ്ങളും കണ്ടത് വളരെ അവശനിലയിൽ വീടിന്റെ ഒഴിഞ്ഞ കോണിൽ കിടക്കുന്ന പ്രായമായ അമ്മയെ ആയിരുന്നു. ശരീരത്തിൽ പേരിന് ഒരു നേർത്ത തുണി മാത്രമാണ് ഉണ്ടായിരുന്നത്.

കിടക്കയ്ക്ക് അരികിൽ ഒരു ബക്കറ്റ് വച്ചിരുന്നു. ഇതിലേക്ക് വിസർജ്യങ്ങൾ സ്ത്രീ സ്വയം നീക്കം ചെയ്യുകയായിരുന്നു പതിവ്.

വനിതാ കമ്മിഷൻ അംഗങ്ങളും പൊലീസും ഉടൻ തന്നെ ഇവരെ മോചിപ്പിച്ച അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ തുടരുകയാണ് സ്ത്രീ. പരിചരണത്തിനായി മകനും ഒപ്പം ഉണ്ട്.

സമാന സാഹചര്യം നേരിടുന്ന ആർക്കും 181 എന്ന നമ്പറിൽ വിളിച്ചു സഹായം അഭ്യർഥിക്കാമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്. .