ന്യൂഡൽഹി: രാജ്യത്തെ ഓഹരി അധിഷ്‌ഠിത മ്യൂച്വൽഫണ്ടിലേക്ക് കഴിഞ്ഞമാസം ഒഴുകിയെത്തിയ നിക്ഷേപം 12,622 കോടി രൂപ. സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്ര്‌മെന്റ് പ്ളാനുകളുടെ (എസ്.ഐ.പി) സ്വീകാര്യത കൂടിയതാണ് ഈ നേട്ടത്തിന് പിന്നിൽ. നടപ്പു സാമ്പത്തിക വർഷത്തെ ഏറ്രവും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്. മേയിൽ ലഭിച്ച 11,350 കോടി രൂപയായിരുന്നു ഇതിനു മുമ്പത്തെ ഉയർന്ന കണക്ക്. 11,172 കോടി രൂപയാണ് സെപ്‌തംബറിൽ ലഭിച്ചത്. തവണകളായി പണം നിക്ഷേപിക്കാവുന്ന എസ്.ഐ.പിയിലൂടെ മാത്രം കഴിഞ്ഞമാസം 7,985 കോടി രൂപ മ്യൂച്വൽഫണ്ടുകളിലേക്ക് എത്തി. സെപ്‌തംബറിൽ ഇത് 7,727 കോടി രൂപയായിരുന്നു.
നിലവിൽ ഇന്ത്യയിലെ മ്യൂച്വൽഫണ്ട് കമ്പനികൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 22.24 ലക്ഷം കോടി രൂപയാണ്. 1.8 കോടിയോളം മ്യൂച്വൽഫണ്ട് നിക്ഷേപകർ ഇന്ത്യയിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഓഹരികൾ ഇപ്പോൾ ആകർഷകമായ വിലയിൽ നിൽക്കുന്നതിനാൽ പുതിയ നിക്ഷേപകർ കൂടുതലായി എത്തുമെന്നാണ് മ്യൂച്വൽഫണ്ട് സ്ഥാപനങ്ങളുടെ പ്രതീക്ഷ.