കോഴിക്കോട്: മണ്ഡല കാലത്ത് ശബരിമലയിൽ എത്തുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കിയത് എതിർത്ത് തോൽപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങി തീർത്ഥാടകർ ശബരിമല യാത്ര ചെയ്യേണ്ടത് തികച്ചും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണ്. ജനാധിപത്യവും നിയമവാഴ്ചയുമുള്ള നാട്ടിൽ ഇത്തരത്തിലുള്ള അടിച്ചമർത്തലുകളെ ശക്തമായി പ്രതിരോധിക്കും. അയ്യപ്പ ഭക്തരെ അക്രമകാരികളായി കാണുന്ന നിലപാട് ശരിയല്ല. ഇവരെ കുറ്റവാളികളായി പ്രഖ്യാപിക്കുന്നത് നിയമ വിരുദ്ധമാണ്. ദേവാലയങ്ങളിലേക്ക് പോകുന്നവർ പൊലീസ് സ്റ്റേഷനിൽ നിന്നും ക്ലീൻ ചിറ്റ് വാങ്ങിച്ച് പോകേണ്ടി വരുന്ന നിയമം റഷ്യയിലും ചൈനയിലും അല്ലാതെ മറ്റെവിടെയും കാണില്ല. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളിൽ ഭരണകൂടം ഇടപെടുന്നത് ശരിയല്ല. ഭരണകൂടം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. ഇത് അടിയന്തരാവസ്ഥയെ പോലും നാണിപ്പിക്കുന്നു.
ശബരിമല വിഷയത്തിൽ ഞങ്ങൾ കോടതിയെ ചോദ്യം ചെയ്തില്ല, മറിച്ച് നിരിശ്വരവാസികൾക്കെതിരെയും ഇവരെ സഹായിക്കുന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിനെതിരെയുമാണ്. ഇതിനെ ഗാന്ധിയൻ മാർഗ്ഗത്തിലൂടെ ചെറുത്ത് തോൽപ്പിച്ച് ശബരിമലയെ സംരക്ഷിക്കും.
എനിക്കെതിരെ കോൺഗ്രസും സി.പി.എമ്മുകാരും ആസൂത്രിതമായി കുപ്രചരണങ്ങൾ നടത്തി വില്ലന്റെ പരിവേഷം നൽകാൻ ശ്രമിക്കുകയാണ്. എറണാകുളത്ത് സി.പി.എമ്മും കോഴിക്കോട് കോൺഗ്രസും ആവശ്യാനുസരണം പങ്കിട്ടെടുത്താണ് എനിക്കെതിരെ കേസ് നൽകിയിരിക്കുന്നത്. നൽകിയ കേസുകൾ നിലനിൽക്കില്ലെന്ന് ബോദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ടി ബാലസോമൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.