sri-lanka

കൊളംബോ: ശ്രീലങ്കൻ പാർലിമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിന് തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ നീക്കത്തെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കോടതിയിൽ ചോദ്യം ചെയ്യും. ഇതോടെ ശ്രീലങ്കൻ രാഷ്ട്രീയം കൂടുതൽ കലുഷമാകുമെന്നാണ് സൂചന.

'ഭരണഘടനയെ അപമാനിക്കുന്ന പ്രസിഡന്റിന്റെ നടപടിക്കെതിരെ യുണൈറ്റഡ് നാഷണൽ പാർട്ടി ശ്രീലങ്കൻ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് ധനമന്ത്രിയായിരുന്ന മംഗള സമരവീര മാദ്ധ്യമങ്ങളോട് പറഞ്ഞു. ശ്രീലങ്കയിൽ ആഴ്ചകളായി തുടരുന്ന ഭരണപ്രതിസന്ധിക്കിടെ വെള്ളിയാഴ്ച രാത്രിയാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത്. റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ ആ സ്ഥാനത്ത് അവരോധിച്ച സിരിസേനയുടെ നടപടിയാണ് പ്രതിസന്ധിക്ക് കാരണമായത്. നവംബർ 14ന് രാജപക്‌സെയുടെ ഭൂരിപക്ഷം തെളിയിക്കാൻ പാർലമെന്റ് സമ്മേളിക്കേണ്ടതായിരുന്നു. ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് 225 അംഗ പാർലമെന്റ് സിരിസേന പിരിച്ചുവിട്ടത്.