കോഴിക്കോട്: പ്രസംഗത്തിന്റെ പേരിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരെ കേസെടുത്തത് ശബരിമല സംരക്ഷണ രഥയാത്രയെ തകർക്കാനാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പളി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരും യു.ഡി.എഫും ജാഥയെ തകർക്കാൻ വേണ്ടി അനാവശ്യ പ്രചരണങ്ങൾ അഴിച്ചുവിടുന്നു. ജാതിസ്പർദ്ധയുണ്ടാക്കാൻ വേണ്ടായാണ് ജാഥ സംഘടിപ്പിച്ചതെന്നാണ് ആരോപിക്കുന്നത്. സംസ്ഥാനത്തെ 60 ശതമാനം വരുന്ന ഹിന്ദുക്കളുടെ വികാരം മനസിലാക്കാതെ തീരുമാനമെടുത്ത് പോകുകയാണ്. രഥയാത്രയ്ക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരുടെയും എല്ലാ സമുദായങ്ങളുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരുമായ വിശ്വാസികൾ തങ്ങളോടൊപ്പം ഉണ്ട്. ഹിന്ദുക്കളുടെ വിശ്വാസത്തിലാണ് ആദ്യം പിടിക്കുന്നതെങ്കിൽ പിന്നീട് ക്രിസ്ത്യാനികളുടെയും മുസ്ലിം സമൂഹത്തിന്റെയും വിശ്വാസങ്ങളയും ആചാരങ്ങളെയും തകർക്കും. എല്ലാവരും ഒറ്റക്കെട്ടായി വിശ്വാസികളോടൊപ്പം നിൽക്കും. മുന്നോക്കക്കാരനെയും പിന്നാക്കക്കാരനെയും ഭിന്നിപ്പിച്ച് ഭരിക്കാൻ സർക്കാർ ശ്രമിച്ചു. എന്നാൽ ഭഗവാൻ അവരെ തോൽപ്പിച്ചു. ഹിന്ദുസമൂഹത്തിന് ഒന്നിക്കാനുള്ള വേദിയായി അത് മാറി. അദ്ദഹം പറഞ്ഞു.