മുംബയ്: പതിനാറ് വയസുള്ള മകളെ മയക്കുമരുന്നു നൽകിയ ശേഷം വീട്ടിൽ വച്ച് തുടർച്ചയായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. താനെ ജില്ലയിലെ ഭിവണ്ടിയിലെ പത്മാനഗർ സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്.
മകളുടെ പരാതിയെ തുടർന്ന് വ്യാഴാഴ്ചയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. വീട്ടിലുള്ളവരെല്ലാം രാത്രി ഉറങ്ങുമ്പോഴാണ് മകൾക്ക് ബലമായി മയക്കുമരുന്ന് നൽകി അബോധവസ്ഥയിലാക്കിയ ശേഷം പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 2017 മുതൽ പെൺകുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായിരുന്നതായും പൊലീസ് വെളിപ്പെടുത്തി.
ഇക്കാര്യം പുറത്ത് പറഞ്ഞാൽ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് പറഞ്ഞാണ് ഇയാൾ മകളെ നിശബ്ദയാക്കിയത്. സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി ഒടുവിൽ പൊലീസിൽ പരാതിപ്പെടാൻ ധൈര്യം കാണിച്ചതോടെയാണ് പിതാവ് അറസ്റ്റിലാകുന്നത്. പോക്സോ നിയമപ്രകാരം പ്രതിയ്ക്കെതിരെ പൊലീസ് കേസെടുത്തു.