ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ നിന്ന് ഹൈജാക് സന്ദേശം ലഭിച്ചതിനെ പിന്നാലെ നാടകീയ രംഗങ്ങൾ.
ഏരിയാന അഫ്ഗാൻ എയർലൈൻ വിമാനത്തിൽ നിന്നാണ് റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന തെറ്റായ സന്ദേശം എത്തിയത്. ടേക്ക് ഓഫിന് മുമ്പ് പൈലറ്റ് അബദ്ധത്തിൽ ‘ഹൈജാക് ബട്ടൺ’ അമർത്തുകയായിരുന്നു. സുരക്ഷാ പരിശോധനകളെല്ലാം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അപായ സന്ദേശം എത്തിയത്. പൈലറ്റ് ഹൈജാക് ബട്ടൺ അമർത്തിയതും സന്ദേശം നാഷണൽ സെക്യൂരിറ്റി ഗാർഡ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികളിൽ എത്തുകയും ചെയ്തു. പിന്നാലെ വിമാനം എൻ.എസ്.ജി കമാൻഡോകൾ വളഞ്ഞു. ഭീകരരെ പിടികൂടാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ ഭീതിയിലായി. പിന്നീടാണ് പൈലറ്റിന് പറ്റിയ അബദ്ധമാണെന്ന് അറിയിപ്പ് ലഭിച്ചത്.
തുടർന്ന് വിമാനത്തിന് പറക്കാൻ അനുമതി നൽകുകയായിരുന്നു.ഒടുവിൽ വൈകിട്ട് 3.30ന് പോകേണ്ട വിമാനത്തിന് ആശയക്കുഴപ്പം പരിഹരിച്ചതിന് ശേഷം രണ്ടുമണിക്കൂർ കഴിഞ്ഞ് പറന്നുയരാനുള്ള അനുമതി നൽകി. അതേസമയം സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദികരണം വന്നിട്ടില്ല.