munaf

ന്യൂഡൽഹി: 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കാൻ ബാളുകൊണ്ട് പ്രധാന പങ്കുവഹിച്ച മുനാഫ് പട്ടേൽ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും താൻ വിരമിക്കുകയാണെന്ന് ഇന്നലെയാണ് മുനാഫ് വ്യക്തമാക്കിയത്.വിരമിക്കൽ തീരുമാനത്തിൽ തനിക്ക് യാതൊരു ദു:ഖവുമില്ലെന്ന് മുനാഫ് വ്യക്തമാക്കി. കൂടെ കളിച്ചവരെല്ലാം കളി അവസാനിപ്പിച്ച് കഴിഞ്ഞു. ധോണി മാത്രമാണ് ശേഷിക്കുന്നത്. ഒപ്പമുണ്ടായിരുന്നവർ കളിക്കുമ്പോൾ വിരമിക്കുകയാണെങ്കിൽ മാത്രമേ ദുഃഖവും നിരാശയുമുണ്ടാകേണ്ട കാര്യമുള്ളു. - വിരമിക്കൽ സന്ദേശത്തിൽ മുനാഫ് പറഞ്ഞു.

പരിശീലകനാകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന മുനാഫ് വിരമിച്ചെങ്കിലും ടി -ടെൻ ലീഗിൽ കളി തുടരുമെന്ന് അറിയിച്ചു. 2011 ലോകകപ്പിൽ ഇന്ത്യലോക കിരീടം നേടിയപ്പോൾ മുനാഫിന്റെ പങ്ക് നിർണായകമായിരുന്നു. 11 വിക്കറ്റുകളാണ് ടൂർണമെന്റിൽ ഇന്ത്യൻ പേസർ വീഴ്ത്തിയത്. 2006ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് മുനാഫ് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിഞ്ഞത്. ഏകദിനത്തിലും ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു അരങ്ങേറ്റം. 2011 സെപ്‌തംബറിന് ശേഷം ഏകദിനം കളിച്ചിട്ടില്ല. 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 35 ഉം 70 ഏകദിനങ്ങളിൽ നിന്ന് 86 ഉം 3 ട്വന്റി-20 കളിൽ നിന്ന് 4 വിക്കറ്റും ഇന്ത്യൻ ജേഴ്സിയണിഞ്ഞ് മുനാഫ് സ്വന്തമാക്കിയിട്ടുണ്ട്. മുംബയ് ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ലയൺസ് എന്നീ ഐ.പി.എൽ ടീമുകളിലും മുനാഫ് കളിച്ചിട്ടുണ്ട്.