കൊച്ചി: ശബരിമലയിൽ പൊലീസിന്റെ തന്ത്രപരമായ ഇടപെടലിനത്തുടർന്നാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായതെന്ന് സ്പെഷ്യൽ കമ്മിഷണർ എം. മനോജ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു
. നവംബർ ആറിന് രാവിലെ പതിനെട്ടാം പടി കയറാനെത്തിയ 52 വയസുള്ള ലളിതയെ പ്രായം കുറവാണെന്ന സംശയത്താൽ പ്രതിഷേധക്കാർ തടഞ്ഞു. ലളിതയെയും ബന്ധു മൃദുൽകുമാറിനെയും ആൾക്കൂട്ടം മർദ്ദിച്ചു. തീർത്ഥാടകരുടെ വേഷത്തിലുണ്ടായിരുന്ന പ്രതിഷേധക്കാർ ക്രുദ്ധരായി നടപ്പന്തലിലേക്ക് ഒാടിയെത്തി. ഇതോടെ വലിയ ബഹളമായി. പൊലീസ് സംരക്ഷണ വലയം തീർത്താണ് ഇരുവരെയും രക്ഷിച്ചത്. മൃദുൽ കുമാറിനെ സന്നിധാനം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷം ഇരുന്നൂറോളം പേർ അവിടെ നിയമ വിരുദ്ധമായി തടിച്ചു കൂടി. അക്രമാസക്തരായ ജനക്കൂട്ടം നാളികേരവും കല്ലും വലിച്ചെറിഞ്ഞു. പൊലീസുമായി ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. തൃശൂർ റേഞ്ച് ഐ.ജി, കൊല്ലം പൊലീസ് കമ്മിഷണർ, പൊലീസ് ഹെഡ്ക്വാട്ടേഴ്സ് എസ്.പി തുടങ്ങിയവർ പരമാവധി സംയമനം പാലിച്ച് തന്ത്രപരമായി ഇടപെട്ട് ആൾക്കൂട്ടത്തെ പിരിച്ചു വിടുകയായിരുന്നു.
സന്നിധാനത്തും സമീപത്തും കുത്തനെയുള്ള ഇറക്കവും പടികളുമൊക്കെയുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് ബലം പ്രയോഗിച്ചിരുന്നെങ്കിൽ നിരപരാധികളായ തീർത്ഥാടകർക്ക് പരിക്കേൽക്കുമായിരുന്നു. ഇൗ സാഹചര്യം തന്ത്രപരമായി കൈകാര്യം ചെയ്ത പൊലീസ്, പ്രതിഷേധക്കാരിൽ സ്വാധീനമുള്ള വൽസൻ തില്ലങ്കരിയോട് അവരുമായി സംസാരിച്ച് പിരിഞ്ഞു പോകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു. തില്ലങ്കരി സംസാരിച്ചതോടെയാണ് ജനക്കൂട്ടം പിരിഞ്ഞു പോയത്.
കുടിവെള്ളം ടോയ്‌ലെറ്റ് ലഭ്യമാക്കി
ചിത്തിര ആട്ടപൂജയ്ക്ക് നട തുറന്നപ്പോൾ ഭക്തർക്ക് കുടിവെള്ളവും ടോയ്‌ലെറ്റ് സൗകര്യവും ലഭ്യമാക്കിയില്ലെന്ന പരാതി അടിസ്ഥാന രഹിതമാണ്. പ്രതിഷേധക്കാർ തീർത്ഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നത് ഒഴിവാക്കാൻ റൂം സൗകര്യം ആർക്കും നൽകിയില്ല. നടപ്പന്തലിന്റെ കിഴക്കു ഭാഗത്തെ ടോയ്‌ലെറ്റ് ബ്ളോക്കും ഭസ്മതീർത്ഥക്കുളം, ഡീസൽ ടാങ്ക് എന്നിവയ്ക്കു സമീപത്തെ ടോയ്‌ലെറ്റുകളും പാണ്ടിത്താവളത്തിലെ ടോയ്‌ലെറ്റുകളും തീർത്ഥാടകർക്ക് തുറന്നു കൊടുത്തിരുന്നു. സോപാനം, മാളികപ്പുറം, വലിയ നടപ്പന്തൽ, ജ്യോതി നഗർ എന്നിവിടങ്ങളിൽ ചുക്കുവെള്ളം ലഭ്യമാക്കി. സന്നിധാനത്തെ ശുദ്ധജല കിയോസ്കുകളും പ്രവർത്തനക്ഷമമായിരുന്നു.
വത്സൻ തില്ലങ്കരി ആചാര ലംഘനം നടത്തി
നവംബർ ആറിന് രാവിലെ 7.24 ന് ഇരുമുടിക്കെട്ടില്ലാതെ ഒരു വ്യക്തി പതിനെട്ടാം പടി കയറി. ഏഴരയോടെ ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കരിയും ചിലയാളുകളും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി. ഇവർ പതിനെട്ടാം പടിയിൽ ഒത്തുചേരുകയും തില്ലങ്കരി ഇവിടെ നിന്ന് പ്രസംഗിക്കുകയും ചെയ്തു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് ആചാര ലംഘനമാണ്. പ്രതിഷേധത്തെത്തുടർന്ന് പത്ത് മിനിട്ടോളം തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടാനുമായില്ല.പതിനെട്ടാം പടിയുടെ പവിത്രത കാത്ത് സൂക്ഷിക്കാൻ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ ജാഗ്രത കാട്ടണം.