തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ സനൽകുമാർ (32) ഡിവൈ.എസ്.പിയുടെ ചവിട്ടേറ്റ് റോഡിൽ വീണ് കാറിടിച്ചു മരിച്ച കേസിൽ ദൃക്സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാൻ ശ്രമം. സംഭവം നേരിൽ കണ്ട കൊടങ്ങാവിളയിലെ ഹോട്ടലുടമ മാഹിനെയും ഭാര്യ നൂർജഹാനെയും വിരട്ടിയതിന് പിന്നാലെ സനലിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ അനീഷിന് ഗുണ്ടകളുടെ വധഭീഷണിയുണ്ടായി. മരണത്തോട് മല്ലടിച്ചു കിടന്ന സനലുമായി മെഡിക്കൽ കോളേജിൽ പോകേണ്ടതിനു പകരം താലൂക്കാശുപത്രിയിലേക്കാണ് പോയതെന്നും പൊലീസുകാരുടെ ഡ്യൂട്ടി മാറാൻ നെയ്യാറ്റിൻകര സ്റ്റേഷനിൽ സൈറണും വിളക്കുകളും അണച്ച് ആംബുലൻസ് പത്തു മിനിട്ടിലേറെ ഇട്ടെന്നും പറഞ്ഞതിനാണ് ആംബുലൻസ് ഡ്രൈവർക്ക് ഭീഷണി. 'ഇനിയും ഇങ്ങനെ പറഞ്ഞാൽ നീയും അകത്ത് പോവും' എന്ന മുന്നറിയിപ്പും നൽകി. സനലിനെ മെഡിക്കൽ കോളേജിൽ കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചാൽ മതിയെന്ന് എസ്.ഐ പറഞ്ഞെന്നും പോകും വഴി പതുക്കെ ഓടിക്കാൻ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ നിർദ്ദേശിച്ചെന്നും അനീഷ് വെളിപ്പെടുത്തിയിരുന്നു. എത്രയും വേഗം മെഡിക്കൽ കോളേജിലെത്തിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടപ്പോൾ സ്റ്റേഷനിലേക്ക് പോകാനാണ് പൊലീസുകാരൻ നിർദ്ദേശിച്ചത്. ഡ്യൂട്ടി മാറാനായി ആംബുലൻസ് പൊലീസ് സ്റ്റേഷനു മുന്നിലിട്ട ക്രൂരത അനീഷിന്റെ വെളിപ്പെടുത്തലോടെയാണ് പുറത്തറിഞ്ഞത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മൊഴിയെടുത്ത ശേഷം ഒരുസംഘം വീട്ടിലെത്തിയും മറ്റൊരാൾ ഹോട്ടലിലെത്തിയുമാണ് കഴിഞ്ഞ ദിവസം മാഹീനെ ഭീഷണിപ്പെടുത്തിയത്. ഭാര്യ നൂർജഹാനു നേരെ അസഭ്യം വിളിയുമുണ്ടായി. പേടിച്ചരണ്ട മാഹീൻ ഹോട്ടൽ പൂട്ടി സ്വദേശമായ പൂവാറിലേക്ക് പോയി. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ് കുടുംബം. ഹോട്ടലിൽ നിന്നിറങ്ങി വന്ന സനലിന്റെ കൈ പിന്നിലേക്ക് തിരിച്ചുപിടിച്ച് ഒടിക്കുകയും റോഡിലേക്ക് ചവിട്ടിയിടുകയും ചെയ്തെന്നാണ് മാഹീന്റെ മൊഴി. ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ച് കേസ് ദുർബലമാക്കാനാണ് പൊലീസിന്റെ ഒത്താശയോടെ ശ്രമം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് മൊഴിയെടുത്തു സനൽ കൊല്ലപ്പെടുന്നതിന് ദൃക്സാക്ഷിയായ മാഹീന്റെ മൊഴി ഇന്നലെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഡിവൈ.എസ്.പിയുടെ ചവിട്ടേറ്റാണ് സനൽ കാറിനു മുന്നിലേക്ക് വീണതെന്ന് ക്രൈംബ്രാഞ്ചിനോടും ഇയാൾ മൊഴി നൽകി. ഹോട്ടലിന് എതിർവശത്തുള്ള ബിനുവിന്റെ വീട്ടിൽ ഡിവൈ.എസ്.പി ഇടയ്ക്കിടെ എത്താറുണ്ടായിരുന്നെന്നും പറഞ്ഞു.