v-m-radhakrishnan

കൊച്ചി: മലബാർ സിമന്റ്‌സ് അഴിമതി കേസിൽ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. മലബാർസിമന്റ്‌സിലേക്ക് ചാക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് പത്ത് വർഷം മുൻപ് നടന്ന കരാറിലെ അഴിമതി കേസിലാണ് എൻഫോഴ്‌സ്‌മെന്റിന്റെ നടപടി. 21.66 കോടിയുടെ വസ്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. രണ്ട് കോടിയോളം വരുന്ന ആസ്തിവകകൾ കഴിഞ്ഞ വർഷം കണ്ടുകെട്ടിയിരുന്നു. 2004 മുതൽ 2008 വരെ മലബാർ സിമന്റ്‌സിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് വി.എം രാധാകൃഷ്ണനെതിരെ എൻഫോഴ്‌സ്‌മെന്റ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. ഈ തുകയ്ക്കായാണ് സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്. 11 അപ്പാര്‍ട്ട്‌മെന്റുകൾ, രണ്ട് ഹോട്ടൽ സമുച്ഛയങ്ങൾ കോഴിക്കോടും വയനാടും പാലക്കാടുമുള്ള മറ്റ് ആസ്തിവകകൾ എന്നിവ കണ്ട് കെട്ടിയ പട്ടികയിലുണ്ട്.