temple-entry-proclamation

1936 നവംബർ 12. ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ വർഷവും ദിവസവും. ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ നിർണായകമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത് അന്നായിരുന്നു. തിരുവിതാംകൂറിലെ സർക്കാർ ക്ഷേത്രങ്ങളുടെ വാതിൽ പിന്നാക്കക്കാർക്ക് മുതൽ തുറന്നിട്ട് നാളെ (നവംബർ 12) 82 വർഷമാവുകയാണ്.അയിത്തവും അനാചാരങ്ങളും നിറഞ്ഞ കേരളീയ സമൂഹത്തിൽ ക്ഷേത്രപ്രവേശന വിളംബരം മാറ്റത്തിന്റെ സ്വർണ വെളിച്ചം പകർന്നു നൽകി. നിരവധി നവോത്ഥാന പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് അന്ന് സമൂഹം ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം നേടിയെടുത്തത്. ഇതിനും വളരെ നാളുകൾക്ക് ശേഷം 1947ൽ മലബാറിലും 1949ൽ കൊച്ചിയിലും എല്ലാ വിഭാഗങ്ങൾക്കും ക്ഷേത്രപ്രവേശനം അനുവദിച്ച് ഉത്തരവായി. നിരവധി അനാചാരങ്ങൾ നിലനിന്ന സമൂഹമായിരുന്നു ഇവിടത്തേത്. വൈകുണ്ഠസ്വാമി, ശ്രീനാരായണ ഗുരു, അയ്യൻകാളി, ചട്ടമ്പി സ്വാമികൾ തുടങ്ങി നിരവധി പേരുടെ ശ്രമഫലമായാണ് അനാചാരങ്ങൾ തുടച്ചെറിയപ്പെട്ടത്. മേൽവസ്ത്രാചാരം, ഊഴിയം, സതി, ശുചീന്ദ്രം കൈമുക്ക് പോലെയുള്ള പ്രാകൃത ശിക്ഷകൾ, പുലപ്പേടി, മണ്ണാപ്പേടി, സ്മാർത്തവിചാരം, അടിയറ, തലയറ, അടിമക്കച്ചവടം തുടങ്ങി നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇങ്ങനെ മാറ്റപ്പെട്ടു. വൈക്കം സത്യഗ്രഹം ക്ഷേത്രപ്രവേശന വിളംബരത്തിലേക്കുള്ള യാത്ര സുഗമമാക്കി. ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായ ശേഷം ഏറെ നാൾ അത് ആഘോഷത്തിനുള്ള വക നൽകിയതായി ചരിത്ര രേഖകളും അന്നത്തെ സർക്കാർ ഉത്തരവുകളും പരിശോധിച്ചാൽ മനസിലാകും. അക്കാലത്ത് നവംബർ 12 പൊതു അവധി ദിവസമായിരുന്നു. വിളംബരത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും അനുവദിച്ചിരുന്നു.


അവധി പ്രഖ്യാപനം
1954 നവംബർ ആറിന് തിരുകൊച്ചി സർക്കാർ ക്ഷേത്രപ്രവേശന വിളംബര ദിവസവമായ നവംബർ 12 പൊതുഅവധി ദിവസമായി പ്രഖ്യാപിച്ചതായി രേഖകളിൽ കാണുന്നു. രാജപ്രമുഖിന്റെ നിർദ്ദേശാനുസരണം ചീഫ് സെക്രട്ടറി ബി.കെ.വി മേനോനാണ് വിജ്ഞാപനമിറക്കിയത്. ഈ ദിവസത്തെ സർക്കാർ എത്രത്തോളം പ്രാധാന്യത്തോടെ കണ്ടുവെന്നതിന്റെ ഉദാഹരണമാണിത്. ഇതുമായി ബന്ധപ്പെട്ട് 1956ൽ വ്യവസായ വകുപ്പ് മറ്റൊരു വിജ്ഞാപനമിറക്കി. ഇതിലും ക്ഷേത്രപ്രവേശന വിളംബരമുണ്ടായ നവംബർ 12 അവധിയായിരിക്കുമെന്ന് വ്യക്തമാക്കുന്നു. വകുപ്പ് സെക്രട്ടറി വി. വി. ജോസഫാണ് ഇതിറക്കിയത്. ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് നൽകാൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിരുന്നു. ഈ വിവരം അന്ന് ഗസറ്റിലും പ്രസിദ്ധീകരിച്ചിരുന്നു.


ക്ഷേത്രപ്രവേശന വിളംബരം സ്‌കോളർഷിപ്പ്
വിദ്യാർത്ഥികൾക്ക് അന്ന് ക്ഷേത്രപ്രവേശന വിളംബരം സ്‌കോളർഷിപ്പ് അനുവദിച്ചിരുന്നു. ബിരുദം, മെഡിക്കൽ, എൻജിനിയറിംഗ്, സംഗീതം തുടങ്ങി വിവിധ ഉന്നത കോഴ്സുകൾക്ക് പഠിക്കുന്ന എസ്. സി, എസ്. ടി വിദ്യാർത്ഥികൾക്കായിരുന്നു സ്‌കോളർഷിപ്പ് നൽകിയിരുന്നത്. 40 ശതമാനം മാർക്കുള്ളവർക്കായിരുന്നു ഇത് ലഭിച്ചത്. 50 രൂപയായിരുന്നു ഒരാൾക്ക് ലഭിക്കുന്ന തുക. 1944 45ൽ 11 പേർക്കും 194849ൽ 50 വിദ്യാർത്ഥികൾക്കും ശ്രീചിത്തിര തിരുനാൾ സ്‌കോളർഷിപ്പ് നൽകിയിരുന്നതിന്റെ രേഖകൾ ലഭ്യമാണ്. ഇതിൽ അഞ്ച് പേർ വനിതകളായിരുന്നു. വിമൻസ് കോളേജിൽ പഠിച്ചിരുന്ന ഗൗരിക്കുട്ടി, ഭാനുമതി, സരോജിനി, ലാ കോളേജിലെ കെ. ശാരദ, ടി. കെ. ലക്ഷ്മി എന്നിവരായിരുന്നു അത്. ഇതോടൊപ്പം മഹാറാണി സേതുപാർവതി ബായി, സചിവോത്തമ സ്‌കോളർഷിപ്പും നൽകിയിരുന്നു.


വി. ജെ.ടി ഹാളിലെ ആഘോഷം
ക്ഷേത്രപ്രവേശന വിളംബര ദിനം വിപുലമായി ആഘോഷിച്ചിരുന്നു. 1945ൽ വി. ജെ. ടി ഹാളിൽ ആഘോഷപരിപാടി സംഘടിപ്പിച്ചതിന്റെ സർക്കാർ രേഖകളുണ്ട്. രാവിലെ എട്ടിന് ആരംഭിച്ച പരിപാടികൾ വൈകിട്ട് നാലിനാണ് സമാപിച്ചത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലും വിവിധ സ്ഥലങ്ങളിലും രാവിലെ പ്രാർത്ഥന നടന്നു. വി. ജെ. ടി ഹാളിൽ രാവിലെ 11 മണിക്ക് പൊതുസമ്മേളനവും ഉച്ചയ്ക്ക് രണ്ടു മണിക്ക് കേരള ഹിന്ദു മിഷൻ ഓഫീസിൽ വിപുലമായ സദ്യയുമുണ്ടായിരുന്നു.


ക്ഷേത്രപ്രവേശന വിളംബര സ‌്മാരകങ്ങൾ
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ചില സ്മാരകങ്ങൾ ഇപ്പോഴുമുണ്ട്. ഒരെണ്ണം തിരുവനന്തപുരം തെക്കേകോട്ടയിലെ ശ്രീചിത്തിര തിരുനാൾ പ്രതിമയ്ക്ക് താഴെയാണ്. പ്രശസ്ത ശില്പിയും ചിത്രകാരനുമായ റോയ് ചൗധരിയാണ് ഇത് തയ്യാറാക്കിയത്. മറ്റൊന്ന് നാവായിക്കുളം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണുള്ളത്.


ക്ഷേത്രപ്രവേശനവും കമ്മിറ്റിയും
ക്ഷേത്രപ്രവേശനത്തിനായുള്ള പ്രക്ഷോഭങ്ങളെ തുടർന്ന് വി. എസ്. സുബ്രഹ്മണ്യ അയ്യർ ചെയർമാനായി ഒരു സമിതി സർക്കാർ രൂപീകരിച്ചിരുന്നു. ചങ്ങനാശേരി പരമേശ്വരപിള്ള, ഉള്ളൂർ എസ്. പരമേശ്വരയ്യർ, ടി. കെ. വേലുപിള്ള, മഹാദേവ അയ്യർ, എം. വി. ഗോവിന്ദൻ, പുന്നശേരി നമ്പി നീലകണ്ഠ ശർമ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരിൽ നിന്ന് കമ്മിറ്റി അഭിപ്രായം തേടി. ഇതിനായി കത്തുകൾ അയക്കുകയും മറുപടി എഴുതി വാങ്ങുകയുമുണ്ടായി.


പിന്നാക്കക്കാർക്കായി പ്രതിഷ്ഠ
ക്ഷേത്രങ്ങളിൽ പിന്നാക്കക്കാർക്ക് പ്രവേശനം നിഷേധിച്ചതോടെ അവർക്കായി പലയിടത്തും ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ഉണ്ടായി. ആറാട്ടുപുഴ വേലായുധ പണിക്കരാണ് ഇതിന് തുടക്കമിട്ടത്. അദ്ദേഹം സ്വന്തം വീടിനോടു ചേർന്ന് ഒരു ക്ഷേത്രം നിർമിച്ച് എല്ലാവർക്കുമായി തുറന്നു കൊടുത്തു. ചെങ്ങന്നൂരിലെ ചില ക്ഷേത്രങ്ങളിൽ ഈഴവരെ പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റു ചില ദുരാചാരങ്ങൾക്കെതിരെ പൊരുതിയ വ്യക്തി കൂടിയാണ് അദ്ദേഹം. 1859ൽ കണങ്കാൽ വരെയെത്തുന്ന അച്ചിപ്പുടവ ധരിച്ച് കായംകുളത്തിനടുത്ത് പന്നിയൂരിൽ വയൽ വരമ്പിലൂടെ ഈഴവ യുവതി നടന്നപ്പോൾ മേൽജാതിക്കാർ പരസ്യമായി പുടവ അഴിച്ചെറിഞ്ഞു. വേലായുധപണിക്കർ ഒരുപറ്റം ഈഴവ യുവതികളെ അച്ചിപ്പുടവ ഉടുപ്പിച്ച് വരമ്പിലൂടെ നടത്തി. പണിമുടക്ക് സംഘടിപ്പിച്ച് കൃഷിപ്പണി കന്നുകാലിനോട്ടം തെങ്ങുകയറ്റം എന്നിവ സ്തംഭിപ്പിച്ചു. തണ്ടുവച്ച ബോട്ടിൽ കായംകുളം കായൽ വഴി കൊല്ലത്തേക്ക് പോകുമ്പോൾ ശത്രുക്കൾ ഇദ്ദേഹത്തെ നെഞ്ചിൽ കഠാര കുത്തിയിറക്കി കൊല്ലുകയായിരുന്നു. പിന്നീട് ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തി. നെയ്യാറ്റിൻകരക്ഷേത്രത്തിൽ പ്രവേശനാനുമതി ലഭിക്കാതിരുന്ന ഈഴവർ പരാതി പറഞ്ഞപ്പോഴാണ് അദ്ദേഹം അരുവിപ്പുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിച്ചത്. എന്നാൽ അക്കാലത്ത് പിന്നാക്കക്കാർക്ക് പ്രവേശനമുള്ള ചില ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. ഹരിപ്പാട് മണ്ണാറശാല ക്ഷേത്രം, ഓച്ചിറ, ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം ഉണ്ടായിരുന്നു. ഗുരുവായൂർ സത്യഗ്രഹവുമായി ബന്ധപ്പെട്ട് എ. കെ. ജി തിരുവിതാംകൂറിൽ പര്യടനം നടത്തുമ്പോൾ കുമ്പളത്ത് ശങ്കുപ്പിള്ള അദ്ദേഹത്തെയും അനുയായികളെയും ക്ഷണിച്ച് കണ്ണൻകുളങ്ങര ക്ഷേത്രം തുറന്നു കൊടുത്തത് ചരിത്രം.


സർക്കാരിന്റെ ആഘോഷം
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികം സംസ്ഥാന സർക്കാർ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു വരികയാണ്. ഈ മാസം 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടി എല്ലാ ജില്ലകളിലും ഡൽഹിയിലും നടക്കുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള രേഖകളുടെ പ്രദർശനമാണ് ഇതിൽ പ്രധാനം. ചരിത്ര വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷകർക്കും ഏറെ പ്രയോജനം ചെയ്യുന്ന രേഖകളും വിവരങ്ങളും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്രഭാഷണങ്ങളും ചർച്ചകളും നടക്കുന്നു. ക്ഷേത്രപ്രവേശനത്തിന്റെയും അനുബന്ധ സമരങ്ങളുടെയും ചരിത്രപ്രാധാന്യം പുതുതലമുറയ്ക്ക് പകരുകയാണ് 82 വർഷത്തിനു ശേഷം നടന്ന ഈ ആഘോഷത്തിന്റെ ലക്ഷ്യം.

(പബ്ളിക് റിലേഷൻസ് വകുപ്പിൽ
അസി.എഡിറ്ററാണ് ലേഖകൻ,
ഫോൺ :9447313001)