കുടുംബബന്ധങ്ങളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള ജലജയുടെ കൗൺസലിംഗ് ക്ലാസ് ഗംഭീരമായിരുന്നു. കുട്ടികളുടെ നിലയ്ക്കാത്ത കൈയടി കണ്ട് അടുത്ത ക്ലാസുകളിലെ ടീച്ചർമാർക്കുപോലും അതിശയം തോന്നി. തങ്ങളെത്ര പഠിപ്പിച്ചിട്ടും ഉപദേശിച്ചിട്ടും അനുകൂലമായ ഒരു വാക്കുപോലും കുട്ടികളിൽ നിന്ന് ലഭിച്ചിട്ടില്ല. അന്യജില്ലയിൽ നിന്നുവന്ന ജലജ ഈ കുട്ടികളെ എങ്ങനെ കൈയിലെടുത്തു എന്നതിനെപ്പറ്റി മറ്റ് അദ്ധ്യാപകർ പലതരത്തിൽ വിലയിരുത്തി.
മലയാളം അദ്ധ്യാപകനായ രാജേന്ദ്രബാബു ജലജയെ പരസ്യമായി അഭിനന്ദിച്ചു. കുട്ടികളെ കൈയിലെടുക്കാനുള്ള ജാലവിദ്യ വല്ലതും പഠിച്ചിട്ടുണ്ടോ എന്ന ബാബുവിന്റെ ചോദ്യത്തിന് നേർത്ത ഒരു പുഞ്ചിരിയായിരുന്നു ജലജയുടെ ആദ്യപ്രതികരണം.
ഒരാളിനെ അഭിനന്ദിക്കാൻ നാം ചിലപ്പോൾ ഹസ്തദാനം ചെയ്യും. അല്ലെങ്കിൽ തോളിൽ തട്ടും. ഇത് അമ്പതു ശതമാനം ഫലം ചെയ്‌തെന്ന് വരാം. പക്ഷേ മനസിനു ഹസ്തദാനം ചെയ്യണം. അല്ലെങ്കിൽ മനസിന്റെ തോളിൽ ഒരു തലോടൽ അത് വലിയ ഫലം ചെയ്യും. അതിന് മനസിന്റെ നമ്പർ ലോക്ക് കൃത്യമായി അറിയണം. സംസാരിക്കുന്നയാളിന്റെ കണ്ണുകളിലും മുഖഭാവത്തിലും ആ രഹസ്യ നമ്പറിന്റെ സൂചന കാണും. അതു സൂക്ഷ്മ നിരീക്ഷണത്തിലൂടെ അപഗ്രഥിച്ചാൽ മതി. ഡോക്ടർമാർ, മനഃശാസ്ത്രജ്ഞർ, ജോത്സ്യന്മാർ, ഹസ്തരേഖാവിദഗ്ദ്ധർ എന്നിവർക്ക് ഇക്കാര്യത്തിൽ വൈദഗ്ദ്ധ്യമുണ്ടാകും. ജന്മനാ ഈ സാമർത്ഥ്യം ലഭിച്ചില്ലെങ്കിലും രാഷ്ട്രീയക്കാർ അഭ്യാസങ്ങളിലൂടെ അതു ഗ്രഹിക്കുന്നു. ജലജയുടെ ലളിതമായ മറുപടി കേട്ട് രാജേന്ദ്രബാബു അതിശയിച്ചു. എത്രത്തോളം ആളുകളുമായി ബന്ധപ്പെടുന്നോ, അനുഭവങ്ങൾ പങ്കുവയ്ക്കുന്നുവോ അത്രത്തോളം മനസിന്റെ രഹസ്യനമ്പരുകൾ ഹൃദിസ്ഥമാകും. കോടിക്കണക്കിന് മനുഷ്യരുണ്ടെങ്കിലും ഗണിതം പൂജ്യം മുതൽ ഒമ്പതു വരെയുള്ള സംഖ്യയിൽ നിലനിൽക്കുന്ന പോലെ ഭൂരിപക്ഷം ആളുകളുടെ മനസും പൊതുവായ ചില നമ്പരുകൾ കൊണ്ട് തുറക്കാനാകുമെന്ന ജലജയുടെ നിഗമനവും ബാബുവിന് ഇഷ്ടമായി.
ജലജയുടെ കുടുംബവിശേഷങ്ങൾ രാജേന്ദ്രബാബു വെറുതെ ചോദിച്ചതാണ്. പെട്ടെന്ന് അവരുടെ മുഖം വാടി. എങ്കിലും അതിൽ നിന്ന് ഒളിച്ചോടാതെ അവർ തന്റെ ജീവിതരേഖ ഹ്രസ്വമായി പറഞ്ഞു : ഭർത്താവുമായി പൊരുത്തപ്പെടാൻ സാധിച്ചില്ല. അങ്ങനെ പത്തുവർഷത്തിനുശേഷം വിവാഹമോചനത്തിൽ കലാശിച്ചു. ഏക മകൾക്കും തന്നെ മനസിലാക്കാനായില്ല. അവൾ എന്നും അച്ഛന്റെ പക്ഷത്താണ്. അതാണ് പ്രകൃതിയുടെ വലിയൊരു കുസൃതി.
കുട്ടികളെയെല്ലാം നേർവഴി നടത്താൻ സമർത്ഥമായി മനഃശാസ്ത്രം പഠിപ്പിക്കുന്ന ജലജയോട് രാജേന്ദ്രബാബുവിന് സഹതാപം തോന്നി. അത് പ്രകടിപ്പിക്കുകയും ചെയ്തു. പുഞ്ചിരിച്ചുകൊണ്ട് തന്റെ ജീവിത വഴിത്തിരിവിനെ ജലജ നിർവചിച്ചു.
പരീക്ഷ കഴിഞ്ഞ ശേഷം പഠിച്ചിട്ട് വലിയ കാര്യമില്ല. മാർക്ക് കുറഞ്ഞുപോകും. പക്ഷേ ജീവിതത്തിന്റെ അഗ്നിപരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരിക്കും വിലപ്പെട്ട പല പാഠങ്ങളും അനുഭവങ്ങളും ഹൃദിസ്ഥമാകുക. ആ വാക്കുകൾ കേട്ട് രാജേന്ദ്രബാബു കൈയടിച്ചു. ഒന്നും സംഭവിക്കാത്ത പോലെ ജലജയും കൈയടിച്ചു.
(ഫോൺ : 9946108220)