racism

പല ഭൂഖണ്ഡങ്ങങ്ങളിലെയും വർണ്ണ വിവേചനത്തെക്കുറിച്ചു വളരെ മുമ്പുതന്നെ നമ്മൾ കേട്ടിട്ടുണ്ട് . ഇന്നും പല രീതിയിൽ അതു നടക്കുന്നുണ്ട്. വിവിധപേരുകളിലും രൂപത്തിലുമാണെന്നുള്ള വ്യത്യാസം മാത്രമേയുള്ളൂ! നമ്മുടെ ഭാരതത്തിലും ഇതു തുടർന്നു വരുന്നുണ്ട്. അവർണ്ണർ സവർണ്ണർ എന്നൊക്കെയുള്ളത് അപ്പാടെ മാറ്റി ആ വീഞ്ഞ് ദളിതർ, പിന്നോക്കക്കാർ എന്ന പുതിയ കുപ്പിയിലാക്കി പരിഷ്‌കരിച്ച് പുതുപുത്തനാക്കി എടുത്തു. പറയുന്നതാകട്ടെ ദളിതരുടെ ഉന്നമനം മാത്രമാണ് ലക്ഷ്യമെന്നും. എന്നിട്ട് പട്ടാപ്പകൽ ഓരോ കാരണം പറഞ്ഞു സംഘം ചേർന്ന് പാവങ്ങളെ തല്ലിക്കൊല്ലുമ്പോൾ കാഴ്ചക്കാരായി നിന്ന് കണ്ടാസ്വദിച്ച് സെൽഫോണിൽ വീഡിയോ എടുത്ത് സോഷ്യൽ മീഡിയായിൽ പോസ്റ്റുചെയ്ത് രസിക്കുന്നവരാണ് ഏറെയും. ഒന്ന് ഒച്ചവച്ച് അവരെ പിടിച്ചുമാറ്റാൻ പോലും മുതിരാത്ത കണ്ണിൽ ചോരയില്ലാത്ത സമൂഹം. ഇവിടെയല്ലേ ശരിക്കും വർണ്ണവെറി!


ഭക്തിയുടെ പേരും പറഞ്ഞ് ജനങ്ങളെ ചൂഷണം ചെയ്യുന്നതാണ് മറ്റൊരു വശം. പൂജാരി ദളിതനായാൽ ദൈവം പ്രസാദിക്കില്ല പോലും! ഇത് തീരുമാനിക്കേണ്ടത് ദൈവമല്ലേ, അതോ ഇടനിലക്കാരായ ഈ പ്രമാണിമാരോ? ഇതൊക്കെ മനുഷ്യർക്കിടയിൽ മാത്രമാണെന്നാണ് ഞാൻ കരുതിയത്. തമാശരൂപത്തിലാണെങ്കിലും പറയട്ടെ ജന്തുലോകത്തിലും ഇത് നടക്കുന്നു എന്നു വേണം ഉറുമ്പുകളുടെ ഒരു അപൂർവഫോട്ടോ എടുക്കുമ്പോൾ എനിക്ക് തോന്നിയത്. അത് ഈ പടം കാണുമ്പോൾ നിങ്ങൾക്കു തന്നെ മനസിലാകും.


കറുത്ത വർഗക്കാരനായ ഒരുത്തനെ അഞ്ചു വെള്ളക്കാർ ചേർന്ന് ശാസ്ത്രീയമായി (സിമെട്രിക്കലായി) പെരുമാറുന്നത് കാണുക. പറഞ്ഞുവച്ചതുപോലെ ഓരോരുത്തർ ഇരുവശങ്ങളിൽ ഒരുപോലെയും ഒരാൾ പിന്നിലും നിന്നാണ് പീഡിപ്പിക്കുന്നത്. അതുതന്നെയാണ് ഈ പടത്തിന്റെ പ്രത്യേകതയും! ഗെറ്റി ഇമേജസിന്റെ അമേരിക്കയിലെയും ജർമ്മനിയിലെയും ബീജിംഗിലെയുമൊക്കെ സൈറ്റുകളിൽ പോയാൽ അവിടെയും ഈ ചിത്രം കാണാം. മഴക്കോള് കൊണ്ട് മൂടിക്കെട്ടിയ ഒരു പകൽ സമയത്ത് അഞ്ചലിൽ നിന്ന് എടുത്തതാണ് മാക്രോ ലെൻസ് ഉപയോഗിച്ചെടുത്ത ഈ ദൃശ്യം. വീടിന്റെ വെളുത്ത നിറമുള്ള ചുറ്റുമതിലാണ് ബാക്ഗ്രൗണ്ട്.