അഴിമതിയും ദുർഭരണവും സ്വജനപക്ഷപാതവുമാണ് വർത്തമാന കാലത്തിന്റെ ഏറ്റവും വലിയ തിന്മകൾ. അതിനെതിരെ പോരാടുകയാണ് തന്റെ ജീവിതദൗത്യം എന്ന് മനസിലാക്കിയ അഡ്വ. എൻ.എസ്. ലാലിന് അഭിഭാഷക വൃത്തിയിൽ കാൽനൂറ്റാണ്ടിന്റെ നിറവ്.
കൈക്കൂലി, അധികാര ദുർവിനിയോഗം, പൊതുപ്രവർത്തകരുടെ അഴിമതി, സ്വജനപക്ഷപാതം, ജാതിമത രാഷ്ട്രീയ പരിഗണനകൾ വച്ചുള്ള അവഗണനയും വൈരനിര്യാണവും ന്യായബോധമുള്ളവരെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കൽ തുടങ്ങി നാനാമുഖമായി വളർന്നുവികസിക്കുന്ന സാമൂഹ്യ അനീതിക്കെതിരെയുള്ള കേസുകൾ നടത്തുന്നതാണ് തനിക്ക് ആനന്ദവും സംതൃപ്തിയും തരുന്നതെന്ന് അദ്ദേഹം പറയുന്നു.
ഔദ്യോഗികമായി ഉന്നതങ്ങളിൽ എത്താൻ കഴിയുമായിരുന്ന വൈദ്യുതബോർഡ് ജോലി രാജിവച്ചാണ് ഇദ്ദേഹം തനിക്ക് ഏറെ ഇഷ്ടപ്പെട്ട അഭിഭാഷകന്റെ കുപ്പായം അണിഞ്ഞത്. അഭിഭാഷകവൃത്തിയിൽ സാമ്പത്തികമേന്മ ഉണ്ടാക്കുവാൻ കഴിയുന്ന ക്രിമിനൽ കേസുകളുടെ മേഖലകളല്ല, അദ്ദേഹത്തെ കൂടുതൽ ആകർഷിക്കുന്നത്. മറിച്ച് ജാതി, മതം, ധനം, രാഷ്ട്രീയം, അധികാരം തുടങ്ങിയവയുടെ പിന്തുണയുള്ള അഴിമതിക്കാരേയും മറ്റ് ദുർഭരണക്കാരെയും സാമൂഹ്യപ്രതിബദ്ധതയോടെ നേരിടാനാണ് അഡ്വ. ലാലിന് ഇഷ്ടം. മറ്റുകേസുകളിൽ സാധാരണ ആളുകളെയാണ് പൊതുവേ നേരിടേണ്ടിവരുന്നതെങ്കിൽ അഴിമതിക്കേസുകളിലും ദുർഭരണത്തിനെതിരെയുള്ള കേസുകളിലും സാമർത്ഥ്യവും പണവും സ്വാധീനവും അധികാരഗർവും പലപ്പോഴും ഉന്നത വിദ്യാഭ്യാസവുമുള്ള വമ്പൻമാരേയാണ് എതിർത്തു തോല്പിക്കേണ്ടത്. വിവേചനത്തിന്റെയും അവഗണനയുടെയും ഉത്തമോദാഹരണങ്ങളായ സർക്കാർ സർവകലാശാലകളിലൂടെയും മറ്റ് ഗവൺമെന്റിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേസുകളിൽ അസംഖ്യം നിരാലംബരായ ആളുകൾക്ക് നീതി നേടിക്കൊടുക്കുവാൻ അഡ്വ. എൻ.എസ്. ലാലിന് സാധിച്ചിട്ടുണ്ട്. ദളിത്, പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗസ്ഥർക്ക് അനുഭവിക്കേണ്ടിവന്ന നീതിനിഷേധത്തിനെതിരെ ഇദ്ദേഹം നടത്തിയ പോരാട്ടങ്ങളിൽ മിക്കതിലും വിജയം നേടിയിട്ടുണ്ട്. സർവീസിൽ നിന്ന് വിരമിക്കുന്ന ഉയർന്നവരും താഴ്ന്നവരുമായ പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കുന്നതിനും അശരണരായ അവരുടെ ആനുകൂല്യങ്ങൾ വാങ്ങുന്നതിലും അഡ്വ. എൻ.എസ്. ലാൽ കാണിക്കുന്ന കഴിവും ആത്മാർത്ഥതയും വളരെ അധികം പ്രശംസനീയമാണ്.
മട്ടാഞ്ചേരി പാലത്തിലെ റിട്ടേൺട്രിപ്പ്മൾട്ടിപ്പിൾ എൻട്രി പ്രശ്നത്തിലുള്ള കേസ്, നിരവധി സംവരണ അട്ടിമറി കേസുകൾ, കുട്ടികൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാതെ തടഞ്ഞുവച്ച കേസുകൾ, കേരള സർവകലാശാലയിലെ പല വകുപ്പ് മേധാവികളുടെയും പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ച കേസുകൾ, കേരള യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നെടുത്ത ഇന്ദുലേഖ എന്ന നോവലിന് നാലുകോടി രൂപ ഫൈൻ അടിച്ചതിനെതിരെയുള്ള കേസ്, ബാലരാമപുരം കൈത്തറി മാഫിയ്‌ക്കെതിരെയുള്ള നിരവധി കേസുകൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെയുള്ള അസംഖ്യം കേസുകൾ തുടങ്ങിയവയെല്ലാം അദ്ദേഹം അന്യായത്തിനെതിരെ ജനപക്ഷത്തുനിന്ന് പോരാടി ജയിച്ച വ്യവഹാരങ്ങളാണ്. മുൻ സെസ് ഡയറക്ടർക്കെതിരെയുള്ള അഴിമതിക്കേസ്, 35 വർഷക്കാലം ആരോഗ്യവകുപ്പിനെ സേവിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറന്മാരായ രണ്ട് പട്ടികജാതിയിൽപ്പെട്ട ഡോക്ടർമാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിനെതിരെയുള്ള കേസുകൾ, 50 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്ന് ആരോപിച്ച് കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ വനിതാ പ്രൊഫസറുടെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിനെതിരെയുള്ള കേസ് മുതലായ നിരവധി കേസുകളിൽ വിജയം നേടിയത് അദ്ദേഹം സംതൃപ്തിയോടെ ഓർക്കുന്നു. കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയുടെയും നിരവധി കേസുകൾ അദ്ദേഹം വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട് കോഴിക്കോട് സർവകലാശാല ഒരുകോടി രൂപ ചെലവഴിച്ച് ഒരു ആഡംബര ഗേറ്റ് ഉണ്ടാക്കുവാൻ ശ്രമിച്ചപ്പോൾ അതിനെതിരെ അഴിമതി പ്രതിരോധ വേദിക്കുവേണ്ടി സമർപ്പിച്ച പരാതിയിൽ അഡ്വ. എൻ.എസ്. ലാലിന്റെ ആദ്യവാദത്തോടെ തന്നെ ആ മഹാകുംഭകോണത്തിൽനിന്ന് കോഴിക്കോട് സർവകലാശാലയ്ക്ക് പിൻവാങ്ങേണ്ടിവന്നതും വളരെ പ്രശംസനീയമാണ്
വിദ്യാർത്ഥി ആയിരിക്കുമ്പോൾ അന്നത്തെ കായിക താരവും മികച്ച വോളിബാൾ താരവുമായിരുന്നു അദ്ദേഹം. അഞ്ചുവർഷക്കാലത്തോളം മാർ ഇവാനിയോസ് കോളേജ് വോളിബാൾ ടീമിനെ നയിച്ചിട്ടുണ്ട്. കേരളാ സ്റ്റേറ്റ്, കേരള യൂണിവേഴ്സിറ്റി, രവിശങ്കർ യൂണിവേഴ്സിറ്റി, റെയ്പൂർ, കേരള പി.ആൻഡ് ടി, കേരള ഇലക്ട്രിസിറ്റി ബോർഡ് തുടങ്ങി നിരവധി വോളിബാൾ ടീമുകളിൽ പലതവണ അംഗമായിട്ടുണ്ട്. ഇന്ത്യയിലെ മൂന്നാമത്തെ വോളിബാൾ ടീമായിരുന്ന ഇന്ത്യൻ പി.ആൻഡ് ടി യേയും ഇദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. പല വോളിബാൾ ക്ലബുകളിലും അംഗമായി ഇന്ത്യയിൽ ഉടനീളം നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചിട്ടുള്ള ഇദ്ദേഹം സഞ്ചാര പ്രിയനാണ്. അമേരിക്ക, റഷ്യ, ചൈന, യൂറോപ്പ്, തെക്ക് കിഴക്കൻ രാജ്യങ്ങൾ ഗൾഫ് രാജ്യങ്ങൾ മുതലായവ സന്ദർശിച്ചിട്ടുള്ള ഇദ്ദേഹത്തിന് വിപുലമായ യാത്രാനുഭവങ്ങളാണുള്ളത്. വ്യത്യസ്ത ജനവിഭാഗങ്ങളുടെ ന്യായബോധവും നീതി നിർവഹണരീതികളും നേരിട്ട്മനസിലാക്കുകയും അനുഭവിക്കുകയും ചെയ്യുന്നത് നീതി നിർവഹണരംഗത്ത് പ്രവർത്തിക്കുന്നവരുടെ മാനദണ്ഡങ്ങൾ വിശാലമാക്കുവാൻ സഹായിക്കുമെന്ന് ഇദ്ദേഹം കരുതുന്നു. താൻ ഏറ്റെടുത്ത കേസുകളിൽ മഹാഭൂരിപക്ഷവും ജയിക്കാറുണ്ടെങ്കിലും അതിനേക്കാൾ ആത്മസംതൃപ്തി ഒരു കേസ് പഴുതടച്ച് വാദിക്കുമ്പോഴാണ് ലഭിക്കുകയെന്നും അതിന്റെ കാരണം താനൊരു സ്‌പോർട്സ് മാനായിരുന്നതുകൊണ്ടാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹാശിസുകൾ ഏറെ ഏറ്റുവാങ്ങിയ പ്രശസ്തമായ ചാവർകോട് മഹാവൈദ്യൻമാരുടെ പിൻമുറക്കാരനാണ് അഡ്വ. എൻ.എസ്. ലാൽ. കഴിഞ്ഞ അമ്പതോളം വർഷമായി തലസ്ഥാനവാസിയായ ഇദ്ദേഹം തിരുവനന്തപുരത്തെ പ്രശസ്തവും യു.എൻ അംഗീകാരമുള്ളതുമായ ഐ,ടി കമ്പനികളായ ഇൻവിസ് മൾട്ടിമീഡിയ, ഇൻവിസ് ഇൻഫോടെക് എന്നിവയുടെ ഡയറക്ടർ കൂടിയാണ്. തിരുവനന്തപുരത്തെ എസ്.എൻ ക്ലബ്, ലയൺസ് ക്ലബ് തുടങ്ങി പല സൗഹൃദ കൂട്ടായ്മയിലും ഇദ്ദേഹം സജീവാംഗം ആണ്.
തിരുവനന്തപുരം പോങ്ങുംമൂട്ടിൽ ശ്രീപഥത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഭാര്യ ശുഭാലാൽ എൻജിനീയറിംഗ് കോളേജ് പ്രൊഫസറാണ്. മൂത്തമകൻ ഡോ. പ്രവീൺ പീഡിയാട്രിക് കാർഡിയോളജിസ്റ്റായി അബുദാബിയിൽ ജോലിനോക്കുന്നു. ഭാര്യ ഡോ. വിനിതയാണ്. ഇവർക്ക് ഒരു കുഞ്ഞുണ്ട്, അർജ്ജുൻ പ്രവീൺ. രണ്ടാമത്തെ മകൻ പ്രണാബ് ലണ്ടനിൽ ഉപരിപഠനം കഴിഞ്ഞ് കമ്മ്യൂണിക്കേഷൻ എൻജിനീയറായി ആസ്‌ട്രേലയിലെ സിഡ്നിയിൽ ജോലിനോക്കുന്നു. ഗവേഷണ വിദ്യാർത്ഥിയായ പാർവതിയാണ് പ്രണാബിന്റെ ഭാര്യ. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി പേരുമായി വിപുലമായി സൗഹൃദബന്ധം പുലർത്തുന്ന അഡ്വ. എൻ.എസ്. ലാൽ ജീവകാരുണ്യപ്രവർത്തനങ്ങളിലും വ്യാപൃതനാണ്.