മഴ പെയ്തിറങ്ങുന്ന സുഖമുണ്ട് ഓരോ സൂഫി ഗാനങ്ങൾക്കും. അവസാനതുള്ളിയും പെയ്തിറങ്ങുമ്പോൾ അത് തീർത്ത കുളിരിൽ ലയിച്ച് നിൽക്കുകയായിരിക്കും ആസ്വാദകർ. ചിലരുടെ കണ്ണുകൾ നിറഞ്ഞൊഴുകും. ചിലർ ഓടിവന്ന് ഗായകനെ കെട്ടിപ്പിടിക്കും. മറ്റു ചിലർ ഒന്നും മിണ്ടാതെ നോക്കിനിൽക്കും. സൂഫി സംഗീതത്തിന്റെ മാന്ത്രികത വെളിപ്പെടുന്ന നിമിഷങ്ങൾ. പത്തുവർഷത്തിലധികം നീണ്ട സൂഫി സംഗീത ജീവിതത്തിൽ നിന്ന് സമീർ ബിൻസി കണ്ടതും അനുഭവിച്ചതും ഈണങ്ങൾക്കും അർത്ഥങ്ങൾക്കും തീർക്കാൻ കഴിയുന്ന വിസ്മയ ലോകമാണ്. അദ്ദേഹത്തെ വാചാലനാക്കും ആ ജീവിതം.
പത്തുവർഷങ്ങൾക്ക് മുൻപ് എം.എ സോഷ്യോളജി പഠനത്തിനായി അലിഗഢിൽ പോയ മലപ്പുറംകാരൻ സമീർ ബിൻസി പഠിച്ചത് സംസ്‌കാരത്തേയും മനുഷ്യപുരോഗതിയെക്കുറിച്ചും മാത്രമായിരുന്നില്ല, ബാഹ്യലോകത്തിന് അപ്പുറമുള്ള വേറൊരു ലോകത്തെയായിരുന്നു. അലിഗഢിലെ ജീവിതത്തിനിടയിലാണ് മുൻപ് വായനയിലൂടെ മാത്രം അറിഞ്ഞ സൂഫിസവുമായി ഇദ്ദേഹം പ്രണയത്തിലാകുന്നത്. പലപ്പോഴായി മനസിനെ കുഴക്കിയ ചോദ്യങ്ങൾക്കുള്ള ഉത്തരം സൂഫി ആശയങ്ങളിൽ നിന്ന് കിട്ടിത്തുടങ്ങിയപ്പോൾ ഇദ്ദേഹത്തിന് ആശയങ്ങൾക്കപ്പുറം സൂഫിസം ജീവിതമായിത്തുടങ്ങി. സൂഫിസംഗീതം സ്വന്തം ഹൃദയമിടിപ്പും. കേരളത്തിലെ അപൂർവ്വം സൂഫിഗായകരിൽ പ്രമുഖനായ സമീർ ബിൻസിയുടെ വളർച്ച അവിടെത്തുടങ്ങി. ഇന്ന് മലപ്പുറം പള്ളിപ്പുറം സ്‌കൂളിലെ അധ്യാപകൻ എന്നതിനപ്പുറത്തേക്ക് കേരളത്തിനകത്തും പുറത്തും സൂഫിസംഗീതത്താൽ വിസ്മയം തീർക്കുകയാണ് ഇദ്ദേഹം. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലായിരുന്നു ബിൻസി. അലിഗഢിൽ നിന്ന് ഉസ്താദ് പർവ്വേസ് ഷേഖിൽ നിന്നും ഉസ്താദ് ഫയാസ് ഖാനിൽ നിന്നും പഠിച്ച ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പാഠങ്ങൾ തനിക്ക് ലഭിച്ച ഭാഗ്യമാണെന്ന് പറയുന്നു ഈ ഗായകൻ. പഠനശേഷം നാട്ടിലെത്തിയപ്പോഴും വിട്ടുകളയാതെ കൂടെക്കൂട്ടിയ സംഗീതത്താൽ ആസ്വാദകരുടെ മനസ്സും കാതും കുളിർപ്പിക്കുന്നു ബിൻസി.
സൂഫിസം എന്ന മായാലോകം
''സൂഫിസംഗീതം ട്രെൻഡായതുകൊണ്ട് ഈ രംഗത്ത് വന്നയാളല്ല ഞാൻ. മറിച്ച് ജീവിതത്തിന്റെ ട്രെൻഡ് സൂഫിസമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നേരത്തേ കൂടെയുള്ള സംഗീതജീവിതത്തെ അതിലേക്ക് പരാവർത്തനം ചെയ്യുകയാണ് ചെയ്തത്''. ഈ വാക്കുകൾ മതി സംഗീതത്തിനപ്പുറം സൂഫി സംഗീതം ഇദ്ദേഹത്തിന് ജീവിതമാണെന്ന് മനസിലാക്കാൻ. ചെറുപ്പം മുതലേ താൻ കണ്ടിട്ടുള്ള വിചിത്ര വേഷധാരികളായ മനുഷ്യരോട് കൗതുകമുണ്ടായിരുന്നു ബിൻസിക്ക്. സൂഫിസം എന്ന പ്രണയത്തിന്റേയും ദാർശനികതയുടെയും ലോകത്തെ തൊട്ടറിഞ്ഞവരാണ് അവരെന്ന് മനസ്സിലായത് ഏറെ കഴിഞ്ഞാണ്. ബാഹ്യലോകത്തിനപ്പുറം മറ്റൊരു ലോകത്തെ കണ്ടെടുത്തിട്ടുള്ള ആ സൂഫിവര്യന്മാർ പറഞ്ഞുവച്ച സത്യങ്ങളെയാണ് സമീർ ബിൻസി പാടുന്നത്. പുറമേ കാണുന്ന അർത്ഥങ്ങൾക്കപ്പുറം ഗൂഢാർത്ഥങ്ങളുടെ ലോകമാണ് സൂഫിസമെന്ന് ഇദ്ദേഹം പറയുന്നു. മദ്യമെന്ന വാക്ക് സൂചിപ്പിക്കുന്നത് ദൈവത്തോടുള്ള ലഹരിയാണ്. ആണും പെണ്ണും തമ്മിലുള്ള തമ്മിലുള്ള ശാരീരിക ആകർഷണത്തേക്കാൾ തനിക്ക് രൂപം നൽകിയവനോടുള്ള ആത്മബന്ധമാണ് പ്രണയം. സൂഫിസത്തെ മനസ്സിലാക്കിയാൽ മാത്രമേ സൂഫിസംഗീതത്തെ അതിന്റെ പൂർണതയിൽ പാടാൻ സാധിക്കൂ. പത്ത് വർഷമായി സൂഫിഗാനങ്ങൾ മാത്രമേ ആലപിച്ചിട്ടുള്ളൂവെന്ന് പറയുമ്പോൾ തന്നെ വ്യക്തമാണ് സമീർ ബിൻസിക്ക് വെറും പാട്ടല്ല സൂഫിസമെന്ന്.
പിന്നിട്ട വേദികളുടെ എണ്ണം നോക്കിയിട്ടില്ല ഇദ്ദേഹം. വേദികളുടെ എണ്ണത്തേക്കാൾ താൻ പറഞ്ഞുപോയ ആശയങ്ങളാണ് ബിൻസിക്ക് വലുത്. ഇമാം മജ്ബൂർ എന്ന സഹഗായകനാണ് വേദികളിൽ ബിൻസിക്ക് കൂട്ട്. കളിക്കൂട്ടുകാരനായ അക്ബർ തബലയുടെ ഈണമായി കൂടെയുണ്ട്. മതങ്ങളെ മനുഷ്യൻ മനസ്സിലാക്കിയതിൽ തെറ്റുണ്ടെന്ന് പറയും ബിൻസി. പറഞ്ഞുവച്ച ആശയങ്ങളുടെ ബാഹ്യാർത്ഥങ്ങളിൽ മാത്രമായി ഒതുങ്ങി നമ്മുടെയൊക്കെ മതചിന്തകൾ. ഒരു സൂഫിഗാനത്തിലെ പർദ്ദ ധരിച്ച സ്ത്രീയെക്കുറിച്ചുള്ള വരികൾ ബിൻസി പറയുന്നു.
'' നീ നിന്റെ മുഖപടം ഒന്നുയർത്തിയാൽ എത്ര പേരുടെ ജീവിതമാണ് നഷ്ടപ്പെടുന്നതെന്നറിയുമോ...ഈ വരികൾ സ്ത്രീയുടെ സൗന്ദര്യത്തെ സൂചിപ്പിക്കാനാണ്. എന്നാൽ നമ്മൾ മനസ്സിലാക്കിയതാവട്ടെ വേറൊരു രീതിയിലും. ഇത്തരം മനസ്സിലാക്കലുകളാണ് മതജീവിതത്തെ വരണ്ടതാക്കുന്നത്'' ബാഹ്യമതചിന്തകൾക്കപ്പുറം ദൈവത്തെ അറിഞ്ഞ മനുഷ്യന്റെ വാക്കുകളാണിത്.
മലയാളത്തിൽ സൂഫിഗാനങ്ങൾ കുറവല്ലയെന്ന് ഇദ്ദേഹം പറയുന്നു. പലതും അറിയപ്പെട്ടിട്ടില്ല എന്നുമാത്രം. ഇച്ച മസ്താൻ എന്നറിയപ്പെടുന്ന അബ്ദുൾ ഖാദർ ഇച്ചയുടെ പാട്ടുകളാണ് ബിൻസി പാടുന്നതിൽ ഏറെയും. ചിതറിക്കിടക്കുന്ന സൂഫിഗാനങ്ങളെ അവതരിപ്പിക്കുന്ന ഒരു കൃതിയാണ് ഇനി ഈ അധ്യാപകന്റെ സ്വപ്നം.
പ്രണയം സൂഫിസത്തിന്റെ കാതൽ
പ്രണയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വാചാലനാകും ഇദ്ദേഹം. പ്രണയം പാടുമ്പോൾ സ്വയം മറക്കും. സൂഫിസത്തിൽ മുഴുവൻ പ്രണയമാണ്. അത് എത്ര പാടിയാലും മതിയാവില്ല. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കിയ മനുഷ്യനെന്ന പ്രാണിക്ക് ദൈവത്തോടും ഈ പ്രപഞ്ചം മുഴുവനോടും തോന്നുന്ന അളവില്ലാത്ത സ്‌നേഹമാണ് യഥാർത്ഥ പ്രണയം. അവിടെ ഞാൻ എന്ന അഹന്തയില്ല. ഒരു കുമിളയുടെ ഭാരമാണ് മനുഷ്യന്. ഞാൻ, എനിക്ക് എന്ന ചിന്തകൾ വരുമ്പോഴാണ് മനുഷ്യൻ സ്വാർത്ഥനാകുന്നത്. നാമൊന്നുമല്ല എന്ന് ചിന്തിച്ചുകഴിയുമ്പോൾ ലോകം മുഴുവൻ നമ്മുടേതാകും. സർവ്വ പ്രപഞ്ചത്തിന്റെയും അവകാശി നമ്മളാകും. കാരണം, ഒന്നുമില്ലാത്തവന്റേതാണ് ലോകം. ബിൻസി പാട്ടുപോലെ പറയുന്നു, നമ്മൾ വസ്ത്രം ധരിക്കുന്നത് നമ്മളെ കാണിക്കാനാണ്. അതോടൊപ്പം നമ്മെ കാണിക്കാതിരിക്കാനും. ഇതുപോലെതന്നെയാണ് സൂഫിഗാനങ്ങളും. ഒന്നിനെ കാണിക്കാതിരിക്കുകയും മറ്റൊന്നിനെ കാണിക്കുകയും ചെയ്യുന്നു. വർഷങ്ങളായി സൂഫിസത്തിലൂടെ തിരിച്ചറിഞ്ഞ ലോകത്തിന്റെ ശാന്തതയാണ് ഇദ്ദേഹത്തിന്റെ ഊർജം.വേദികളിൽ സമീർ ബിൻസി പാടിക്കൊണ്ടിരിക്കുകയാണ്. മതങ്ങൾക്കപ്പുറത്തെ ഐക്യത്തെപ്പറ്റി, പ്രണയത്തിന്റെ ലഹരിയെപ്പറ്റി, ജീവിതത്തിന്റെ അർത്ഥങ്ങളെപ്പറ്റി. പാടുന്നതാകട്ടെ സ്‌നേഹത്തിന്റെ ഭാഷയിലും, എല്ലാവർക്കും മനസ്സിലാകുന്ന സാർവ്വിക ഭാഷ.
'' സ്‌നേഹത്തിന്റെ രാജ്യം മറ്റെല്ലാ മതങ്ങളിൽ നിന്നും വ്യത്യസ്തമാണ്, സ്‌നേഹിക്കുന്നവന്റെ മതവും രാജ്യവും സ്‌നേഹിക്കപ്പെടുന്നവർ മാത്രം....''