പ്രായം വെറും സംഖ്യ മാത്രമാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ കെ. കാർത്ത്യായനിയമ്മ ഇന്ന് നാട്ടിലെ മിന്നും താരമാണ്. ആ താരത്തെ തേടി വീട്ടിലെത്തുന്നവരുടെ എണ്ണം പെരുകുകയാണ്. ഇവിടെയുള്ള പോസ്റ്റുമാനാണ് ശരിക്കും പണി കിട്ടിയത്. അത്രയും കത്തുകളാണ് ഈ മിടുക്കിയെ തേടി എത്തുന്നത്. മിക്ക എഴുത്തുകളിലും വിലാസം ഒന്നു തന്നെ, കെ. കാർത്ത്യായനി, അക്ഷരലക്ഷം റാങ്ക് ജേതാവ്, മുട്ടം എന്നു മാത്രം. എന്നാലും കത്തുകളൊന്നും വഴി തെറ്റാറില്ല. അത്ര പ്രശസ്തയായി മാറിക്കഴിഞ്ഞു, മുട്ടം ചിറ്റൂർ പടീറ്റതിൽ കാർത്ത്യായനിയമ്മ. സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്കുകാരിയാണ് ഈ മുത്തശ്ശി. പ്രായം തളർത്താത്ത ആവേശവുമായി പരീക്ഷ എഴുതിയത് മുതൽ വാർത്തകളിൽ നിറഞ്ഞ അവർ വാരിക്കൂട്ടിയ മാർക്കിലും മനോഭാവത്തിലും മറ്റെല്ലാവരെയും ഏറെ പിന്നിലാക്കി. ഇനിയുമുണ്ട് മനസിൽ ലക്ഷ്യം. നാലാം തരം പരീക്ഷയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഈ ന്യൂജെൻ മിടുക്കി. കമ്പ്യൂട്ടർ പഠനത്തിലൂടെ പഠനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അവർ. ഒന്നാം റാങ്കുകാരിയ്ക്കുള്ള സർട്ടിഫിക്കറ്റ് നൽകിയതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സംഭാഷണത്തിൽ കാർത്ത്യായനിയമ്മ പങ്കുവെച്ചതാണ് തന്റെ ഈ മോഹം. അതിന് കാരണം തിരക്കിയ പിണറായി വിജയന് രസകരമായ മറുപടി നൽകാനും ഈ 96കാരി മടിച്ചില്ല. ''കമ്പ്യൂട്ടർ അല്ലേ ഇപ്പോഴത്തെ കുട്ട്യോളൊക്കെ പഠിക്കുന്നത്. എനിക്കത് മതി.'' ഇതേ ആഗ്രഹം കാർത്ത്യായനിയമ്മയെ അഭിനന്ദിക്കാൻ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും പങ്കുവെച്ചു.
ആ നിമിഷത്തിൽ ഹരിശ്രീ കുറിച്ചു
കാർത്ത്യായനിയമ്മയ്ക്ക് പഠിക്കാൻ പ്രത്യേക സ്ഥലമോ സമയമോ വേണ്ട. വീട്ടിൽ എല്ലാവരും ഉറങ്ങിയാലും ചില ദിവസങ്ങളിൽ കാർത്ത്യായനിയമ്മയുടെ മുറിയിൽ വെളിച്ചം കാണാം. തിരക്കിയാൽ അൽപം കൂടി പഠിച്ചിട്ട് കിടക്കാമെന്നാകും മറുപടി. രാവിലെ കിടക്കയിൽ നിന്നും എഴുന്നേറ്റ് വരുമ്പോഴും കയ്യിൽ പുസ്തകവും പേനയും കാണും. എല്ലാദിവസവും പരീക്ഷയാണ് എന്നതു പോലെയാണ് തയ്യാറെടുപ്പുകൾ.ഏതു നേരവും പുസ്തകവുമായി ചങ്ങാത്തം. ചെറുമകളുടെ മകൻ ഒൻപതാം ക്ലാസിലാണ് പഠിക്കുന്നത്. അവനെയും തോൽപ്പിക്കുന്ന തരത്തിലാണ് പഠനം മുന്നോട്ടു പോകുന്നത്. രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ ഒരു അദ്ധ്യാപിക പഠിപ്പിക്കും. ബാക്കി സമയം ചെറുമക്കളുടെയും അവരുടെ മക്കളുടെയും സഹായത്താലാണ് പഠനം. 96ാം വയസിൽ 98 മാർക്കോടെ ഒന്നാം റാങ്ക് നേടിയതിന് പിന്നിലെ രഹസ്യങ്ങൾ ഇതൊക്കെയാണ്. കൊച്ചുമക്കളുടെ മക്കൾ വീട്ടിലിരുന്ന് പഠിക്കുന്നത് കണ്ടതോടെയാണ് പഠിക്കാനുള്ള മോഹം തോന്നിയത്. കൂടാതെ രണ്ടു വർഷം മുമ്പ് ഇളയ മകൾ അമ്മിണിയമ്മ പത്താംക്ലാസ് തുല്യതാ പരീക്ഷ പാസാകുകയും ചെയ്തു. പഠനം എന്ന ആഗ്രഹവുമായി മുന്നോട്ടുപോയ സമയമാണ് നിരക്ഷരരെ കണ്ടെത്താനുള്ള സർവ്വേയ്ക്ക് സാക്ഷരതാ പ്രേരക് കെ. സതി വീട്ടിലെത്തുന്നത്. പരിസരവാസികളായ മറ്റ് അമ്മമാർ നിരസിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ പഠിക്കാനുള്ള ആഗ്രഹം തുറന്നുപറയുകയായിരുന്നു കാർത്ത്യായനിയമ്മ. വീട്ടിലുള്ളവർ കട്ടസപ്പോർട്ടുമായി കൂടെ നിന്നപ്പോൾ മുട്ടത്തെ ഈ വീട്ടിലേക്ക് പ്രായവ്യത്യാസമില്ലാതെ അറിവിന്റെ ഒരു ലോകം തുറക്കുകയായിരുന്നു.
പേടിയാണെങ്കിലും ചുവടുകൾ മുന്നോട്ട്
അറിവിന്റെ വഴിയിൽ മുന്നോട്ട് പോകുമ്പോഴും പരീക്ഷ എന്ന പേടി ഇടയ്ക്കിടെ അലട്ടിയിരുന്നു. കണിച്ചനല്ലൂർ ഗവ.എൽ.പി സ്‌കൂളിൽ ജീവിതത്തിലെ ആദ്യത്തെ പരീക്ഷ 96ാം വയസിൽ എഴുതുമ്പോഴും ഇത്രയും വലിയൊരു അംഗീകാരം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് നേര്. സംസ്ഥാനത്ത് ഇതേ വിഭാഗത്തിൽ പരീക്ഷ എഴുതിയ നാൽപതിനായിരത്തോളം പേരിൽ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു കാർത്ത്യായനിയമ്മ. പരീക്ഷക്കായി പുസ്തകത്തിലുണ്ടായിരുന്നത് മുഴുവൻ പഠിച്ചു. എന്നാൽ അവയിൽ കുറച്ചു ഭാഗങ്ങളേ പരീക്ഷയ്ക്ക് ചോദിച്ചുള്ളൂ എന്നാണ് കാർത്ത്യായനിയമ്മയുടെ പരിഭവം. അക്ഷരലക്ഷം പരീക്ഷയുടെ വായനാവിഭാഗത്തിൽ മുപ്പതിൽ മുപ്പത് മാർക്കും ബാക്കി 70 മാർക്കിന്റെ എഴുത്ത് പരീക്ഷയിൽ 68മാർക്കും കരസ്ഥമാക്കിയാണ് കാർത്ത്യായനിയമ്മ 96ാം വയസിലെ മിന്നും വിജയം നേടിയത്. ഏതു ക്ലാസിലേക്കാണ് പഠിക്കുന്നത് എന്നൊന്നും അറിയാൻ ഒരു താത്പര്യവുമില്ല. എന്തായാലും പഠിച്ചാൽ മാത്രം മതി. പത്താം ക്ലാസ് പാസാകണം. ഇനി എന്തെങ്കിലും ജോലി കിട്ടുമെങ്കിൽ അതു ചെയ്യാനും റെഡിയാണ്. ജോലി കിട്ടേണ്ട പ്രായം കഴിഞ്ഞെന്ന് നന്നായി അറിയാം, എങ്കിലും അങ്ങനെ സ്വപ്നം കാണാൻ പ്രായം ഒരു തടസവുമില്ലെന്ന് നിറപുഞ്ചിരിയോടെ മുത്തശ്ശി പറയുന്നു. സ്‌കൂൾ വിദ്യാഭ്യാസം നേടാത്തവർ നാലാംക്ലാസ് തുല്യതാ പഠനത്തിന് മുന്നോടിയായി അക്ഷരലക്ഷം പരീക്ഷ ജയിക്കണം. ഈ കടമ്പയാണ് കാർത്ത്യായനിയമ്മ ഒന്നാം റാങ്കോടെ ജയിച്ചത്. ഇനി നാലാം ക്ലാസ്, ഏഴാം ക്ലാസ്. അതിനുശേഷം പത്താം ക്ലാസ്... ഇങ്ങനെയാണ് തുല്യതാ പരീക്ഷകളുള്ളത്. അക്ഷരലക്ഷം റാങ്ക് ജേതാവിന് ഇനി നാലാം ക്ലാസ് പരീക്ഷയ്ക്കുള്ള തിരക്കാണിനി. മകളുടെ പ്രായമുള്ള സതിയുടെ മുന്നിൽ പുസ്തകവും പേനയുമായി ഇരിക്കുമ്പോൾ കാർത്ത്യായനിയമ്മയുടെ കണ്ണുകളിൽ നിറയുന്നത് ഗുരുവിനോടുള്ള ബഹുമാനമാണ്. പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ തന്നെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ച് നടത്തിയത് സാക്ഷരതാ പ്രേരക് കെ.സതിയാണ്. ക്ലാസ് കഴിഞ്ഞ് മടങ്ങിയാൽ ബാക്കിയുള്ള സമയം കാർത്ത്യായനിയമ്മയുടെ സംശയ നിവാരണത്തിനും മറ്റുമായി അദ്ധ്യാപിക കൂടിയായ കൊച്ചുമകൾ സജിതയുടെ സഹായം ഉണ്ടാകും. കൂടാതെ കൊച്ചുമക്കളുടെ മക്കളായ അപർണ്ണ, അഞ്ജന, അശ്വിൻ എന്നിവകും മുത്തശ്ശിയുടെ സഹായത്തിനായുണ്ട്.
അക്ഷരങ്ങൾ അന്യമായ നാളുകൾ
കാർത്ത്യായനിയമ്മയുടെ അച്ഛൻ കൃഷ്ണപ്പിള്ള കുടിപള്ളിക്കുടത്തിലെ ആശാനായിരുന്നു. അവിടെ നിന്നുള്ള തുശ്ചമായ വരുമാനം കൊണ്ട് അഞ്ചു പെൺമക്കൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ജീവിതം മുന്നോട്ടു പോകാൻ പ്രയാസമായിരുന്നു. അമ്മ കല്യാണിക്കൊപ്പം വീട്ടുകാര്യങ്ങൾ നോക്കി നടന്നിരുന്ന കാർത്ത്യായനിയെ പതിനഞ്ചാം വയസിൽ വിവാഹം ചെയ്തയച്ചു. ചേപ്പാട് വലിയോട്ടിക്കൽ ക്ഷേത്രത്തിന് സമീപം കൂലിപ്പണിക്കാരനായിരുന്ന കൃഷ്ണപ്പിള്ള ആയിരുന്നു വരൻ. ഇവർക്ക് ആറ് മക്കൾ. ഏറ്റവും ഇളയ മകളുടെ നൂലുകെട്ട് ദിവസം കൃഷ്ണപ്പിള്ള മരണമടഞ്ഞു. അതിനിടയിൽ ഇവരുടെ മൂന്ന് മക്കൾ മരിച്ചു. കൃഷ്ണപ്പിള്ളയുടെ മരണത്തോടെ കുടുംബത്തെ നോക്കാനായി കാർത്ത്യായനിയമ്മയ്ക്ക് ജോലി തേടി പോകേണ്ടി വന്നു. കണിച്ചനല്ലൂർ തേവർനട, കണ്ണമംഗലം ശിവക്ഷേത്രം, മുട്ടം മഹാദേവക്ഷേത്രം, മലമേൽകോട് കൊട്ടാരം ക്ഷേത്രം, നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ബ്രാഹ്മണമഠങ്ങളിലും തൂപ്പുജോലി ചെയ്താണ് കുടുംബത്തെ പുലർത്തിയത്.സഹോദരി തങ്കമ്മയ്ക്ക് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന ജോലിയാണ് കാർത്ത്യായനിയമ്മ പകരക്കാരിയായി ചെയ്തത്. ഇപ്പോൾ പൊന്നമ്മ, അമ്മിണിയമ്മ എന്നീ മക്കൾ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇതിൽ അമ്മിണിയമ്മയുടെ കൂടെയാണ് ഇപ്പോൾ താമസം. നാലാം തലമുറയെ ലാളിക്കാനുള്ള ഭാഗ്യവും ഈ മുത്തശ്ശിക്കുണ്ട്. വിവാഹംകഴിച്ച മൂന്ന് മക്കളിലായി ഏഴ് കൊച്ചുമക്കളുണ്ട്. അവരുടെ മക്കളായി ഏഴ് പേരുണ്ട്. അതിൽ മകളായ പൊന്നമ്മയുടെ മകന്റെ മകളുടെ മകനായ രണ്ട് വയസുകാരൻ സായിക്കൊപ്പം ഈ വിജയം ആഘോഷിക്കാൻ കഴിഞ്ഞതും ഏറെ അഭിമാനമാണ്. അക്ഷരവും വായനയും അന്യമായിരുന്നപ്പോൾ പത്രം നോക്കാൻ പോലും മെനക്കെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സ്വന്തം വീട്ടിൽ പത്രം ഇല്ലെങ്കിലും അടുത്ത വീട്ടിൽ നിന്നും പത്രം എടുത്തുകൊണ്ടു വന്ന് വായിക്കാറുണ്ട്. ചായ ജീവനായ കാർത്ത്യായനിയമ്മയ്ക്ക് ഇപ്പോൾ രാവിലത്തെ ചായയോടൊപ്പം പത്രവും കൂടെ വേണമെന്ന സ്ഥിതി ആയിട്ടുണ്ട്. അതിനാൽ വീട്ടിൽ പത്രം വരുത്താൻ ഒരുങ്ങുകയാണ് വീട്ടുകാർ.
കാണാൻ ആഗ്രഹമുണ്ട്
കാര്യമായ അസുഖങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ ഇതുവരെ അലട്ടിയിട്ടില്ല. റാങ്ക് ജേതാവായതോടെ കാണാൻ വീട്ടിലേക്ക് ഒരുപാട് ആളുകൾ എത്തുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മാവേലിക്കര, ചെന്നിത്തല എന്നിവിടങ്ങളിൽ നിന്നും ഇതിനകം നിരവധി ആളുകൾ മുത്തശ്ശിയെ കാണാൻ എത്തി. കൂടെ പരീക്ഷ എഴുതിയവരെപ്പറ്റി അറിയാൻ ആഗ്രഹമുണ്ട്. തന്റെ കൂടെ ആരൊക്കെയാണ് പരീക്ഷ എഴുതിയതെന്ന് അറിയാൻ ഇപ്പോൾ ആഗ്രഹമുണ്ട്. പരീക്ഷ എഴുതി തീർക്കാനുള്ള അന്നത്തെ വെപ്രാളത്തിൽ ആരെയും ശ്രദ്ധിക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല. എന്നാലും അവർക്കൊക്കെ എത്ര മാർക്ക് ഉണ്ടെന്ന് അറിയണം. പ്രത്യേകിച്ചും തന്റെ തൊട്ടടുത്തിരുന്ന് പരീക്ഷ എഴുതിയ രാമചന്ദ്രനെ വിശേഷങ്ങൾ അറിയാനായി ഒന്നു കാണണമന്നുണ്ട്. അന്ന് പരീക്ഷാഹാളിലുണ്ടായിരുന്ന സാർ രാമചന്ദ്രൻ എത്തിനോക്കുന്നത് കണ്ടിരുന്നു. അന്ന് താൻ ശരിക്കൊന്നു പേടിച്ചതായി കാർത്ത്യായനിയമ്മ മനസു തുറന്നു. ഈ പ്രായത്തിലും മുത്തശ്ശി നല്ല വികൃതിയാണെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തം. മുട്ടം കണിച്ചനല്ലൂർ എൽ.പി.സ്‌കൂളിൽ ആകെ 24 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 23 പേർ വിജയിച്ചു. ഇതേ സ്‌കൂളിൽ പരീക്ഷ എഴുതിയ ഗൗരിക്കുട്ടിയ്ക്ക് 91 മാർക്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും കവയിത്രി സുഗതകുമാരിയെയും കാണാൻ കഴിഞ്ഞതും വലിയ ഭാഗ്യമാണ്. അവരോടെല്ലാം സംസാരിക്കാൻ കഴിഞ്ഞു. നിറഞ്ഞ സ്‌നേഹമാണ് അവർ കാണിച്ചതും. സുഗതകുമാരിയുടെ ആവശ്യപ്രകാരം ചങ്ങമ്പുഴയുടെ രമണനിലെ 'തിങ്ങിവിങ്ങി, മരതകകാന്തിയിൽ മുങ്ങി മുങ്ങി' എന്ന കവിതയും ചൊല്ലിയാണ് മടങ്ങിയത്. എല്ലാം നല്ല നല്ല ഓർമ്മകളാണ് കാർത്ത്യായനിയമ്മയ്ക്ക്. ചെറിയ കാര്യങ്ങളിൽ പരാതി പറഞ്ഞു ശീലിക്കുന്ന എല്ലാവർക്കുമുള്ള മറുപടിയും ജീവിതമന്ത്രവുമാണ് എത്ര പഠിക്കാൻ പറഞ്ഞാലും റെഡിയായ ഈ മുത്തശ്ശിയുടെ മനോഭാവവും മനസും.
(ലേഖകന്റെ ഫോൺ നമ്പർ: 9895496389)