police-raid

തിരുവനന്തപുരം: മെഡിക്കൽ കോളേജ് നഴ്സിംഗ് ഹോസ്റ്റലിലെ റൂമിൽനിന്ന് അര കിലോഗ്രാം കഞ്ചാവുമായി നഴ്‌സിംഗ് വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥി ജഗിൽ ചന്ദ്രന്റെ (22) മുറിയിൽ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.വിദ്യാർത്ഥികൾക്കും മറ്റും വിൽക്കാൻ പാകത്തിൽ പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചത്.ജഗിലിനെ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.


മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് രണ്ടു ദിവസം മുമ്പ് കഞ്ചാവ് പിടികൂടിയതിനെത്തുടർന്നാണ് കാമ്പസിലെ നഴ്സിംഗ് സ്റ്റുഡൻസ് ഹോസ്റ്റലിൽ ഇന്നലെ രാവിലെ പൊലീസ് റെയിഡ് നടത്തിയത്.


ഏറെ നാളായി മെഡിക്കൽ കോളേജും പരിസരവും കഞ്ചാവു മാഫിയയുടെ പിടിയിലാണെന്ന് അഭ്യൂഹം ഉയർന്നിരുന്നു. പ്രതി എസ്.എഫ്.ഐ പ്രവർത്തകനാണെന്ന് മെഡിക്കൽകോളേജ് പൊലീസ് പറഞ്ഞു.


സംഘടനയ്ക്ക് ബന്ധമില്ല: എസ്.എഫ്.ഐ
തിരുവനന്തപുരം: ഗവ.നഴ്സിംഗ് കോളേജ് വിദ്യാർത്ഥിയായ ജഗിൽ ചന്ദ്രന്റെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുൻപുതന്നെ സംഘടനയുടെ മുഴുവൻ സ്ഥാനങ്ങളിൽനിന്നും പുറത്താക്കിയിട്ടുള്ളതാണെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി.


ജഗിലുമായും അയാളുടെ പ്രവൃത്തിയുമായും എസ്.എഫ്.ഐയ്ക്ക് നിലവിൽ യാതൊരു ബന്ധവുമില്ലെന്നും ജില്ലാ പ്രസിഡന്റ് എം. പ്രവീണും സെക്രട്ടറി ശിജിത്ത് ശിവസും അറിയിച്ചു.