kanjav

തിരുവനന്തപുരം: മെഡിക്കൽ കോളേജ് നഴ്സിംഗ് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് കേരളകൗമുദി ഫ്‌ളാഷിലും ഓൺലൈനിലും നൽകിയ വാർത്ത പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി ഓഫീസിൽ അതിക്രമിച്ചുകയറിയ ഒരു കൂട്ടം ചെറുപ്പക്കാർ ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും രാത്രിയിൽ സ്ഥാപനത്തിന് തീ വയ്ക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു.വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ഇവർ ഇരുചക്രവാഹനങ്ങളിൽ രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ടോടെ കേരളകൗമുദിയുടെ പേട്ട ഓഫീസിലാണ് ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.


റിസപ്ഷനിൽ വന്ന് അസഭ്യം വിളിച്ച ഇവർ റിസപ്ഷനിസ്റ്റ് ആർ.സുജിത് കുമാർ, സെക്യൂരിറ്റി അജയ്ചന്ദ്രൻ നായർ എന്നിവരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.റിസപ്ഷൻ ടേബിളിൽ മുഷ്ടികൊണ്ടിടിച്ച് ഭീഷണിപ്പെടുത്തിയ ഇവരിലൊരാൾ എസ്.എഫ്.ഐ ഏരിയ കമ്മിറ്റി സെക്രട്ടറിയാണ് താനെന്ന് അവകാശപ്പെട്ടു.


സമീപത്തുള്ള പാർട്ടി ഓഫീസിൽ തന്നെ തങ്ങൾ ഉണ്ടാവുമെന്നും ഒരുജീവനക്കാരെയും വെറുതെവിടില്ലെന്നും ആക്രോശിച്ചിട്ടാണ് ഇവർ ഇറങ്ങിപ്പോയത്.തുടർന്ന് പേട്ട പൊലീസ് കേസെടുക്കുകയും സ്ഥാപനത്തിന് പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.അന്വേഷണം പുരോഗമിക്കുന്നതായി പേട്ട എസ്.ഐ സജുകുമാർ പറഞ്ഞു.കൂടുതൽ പേരുടെ മൊഴിയെടുത്തും സമീപത്തെ സി.സി.ടീ.വി ദൃശ്യങ്ങൾ പരിശോധിച്ചും വരികയാണെന്നും അദ്ദേഹം അറിയിച്ചു.