ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ വിശാല പ്രതിപക്ഷ മുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈ മാസം 22ന് രാജ്യത്തെ എല്ലാ ബി.ജെ.പി ഇതര പാർട്ടികളുടെയും യോഗം വിളിച്ചു. നേതാക്കളുടെ സൗകര്യം കൂടി കണക്കിലെടുത്ത് ഡൽഹിയിലെ ആന്ധ്രാപ്രദേശ് ഭവനിലായിരിക്കും യോഗമെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നായിഡു കോൺഗ്രസ് നേതാവ് അശോക് ഗെലോട്ടുമായും ഡി.എം.കെ നേതാവ് എം.കെ.സ്‌റ്റാലിനുമായും ചർച്ചകൾ നടത്തിയിരുന്നു.
ആശയപരമായ പല വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രതിപക്ഷ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണെന്ന് നായിഡു സ്‌റ്റാലിനെ കണ്ട ശേഷം പ്രതികരിച്ചിരുന്നു. കോൺഗ്രസും തെലുങ്ക് ദേശം പാർട്ടിയും 40 വർഷമായി രണ്ട് ചേരിയിലാണ്. എന്നാൽ ഇപ്പോൾ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നത്. ജനാധിപത്യമാണ് പ്രധാന്യം. വ്യത്യസ്‌തമായി ചിന്തിക്കാൻ ജനങ്ങൾക്ക് അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്‌ച മുൻ പ്രധാനമന്ത്രി എച്.ഡി.ദേവഗൗഡയെയും കർണാടക മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമിയെയും നായിഡു സന്ദർശിച്ചിരുന്നു. ഇന്ത്യയെ ബി.ജെ.പിയിൽ നിന്ന് രക്ഷിക്കാൻ പ്രതിപക്ഷം ഒരുമിക്കണമെന്ന് പ്രതിജ്ഞയെടുത്തതിന് ശേഷമാണ് ഇവർ പിരിഞ്ഞത്.
അതേസമയം, ബി.ജെ.പിയെ തടുക്കാൻ പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിച്ച് നിന്നാലും കഴിയില്ലെന്നാണ് എൻ.ഡി.എ ക്യാമ്പിലെ വിലയിരുത്തൽ. ചിലയിടങ്ങളിൽ തിരിച്ചടി നേരിടുമെങ്കിലും 2019ലും ഭരണം നേടിയെടുക്കാൻ കഴിയുമെന്ന് തന്നെയാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. പ്രതിപക്ഷ നേതാക്കളെ വിമർശിച്ച് സമയം കളയുന്നതിന് പകരം സർക്കാരിന്റെ നേട്ടങ്ങളും ഇനി ചെയ്യാനിരിക്കുന്ന കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി നീക്കം. ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും രാമജന്മഭൂമി വിഷയം ഉയർത്തിക്കൊണ്ട് വരാനും ബി.ജെ.പി പദ്ധതിയിടുന്നുണ്ട്.