കാസർകോഡ്: ശബരിമല വിഷയത്തിൽ ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കടുത്ത വിമർശവുമായി ഗുജറാത്ത് എം.എൽ.എ ജിഗ്‌നേഷ് മേവാനി രംഗത്ത്. ശബരിമലയിൽ കാണുന്നത് ആർ.എസ്.എസിന്റെയും, ബി.ജെ.പിയുടെയും വിവരമില്ലായ്‌മയാണെന്ന് ജിഗ്‌നേഷ് ആരോപിച്ചു. ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്‌മ കാസർകോട് നിന്നാരംഭിച്ച പദയാത്രയിൽ സംസാരിക്കുകയായിരുന്നു ജിഗ്‌നേഷ് മേവാനി.
കോടതി വിധി അംഗീകരിക്കാതെ ദർശനത്തിന് എത്തുന്ന യുവതികളെ തടയുന്നത് ശരിയല്ല. സ്ത്രീകളുടെ പുരോഗതിക്കായി നിരവധി പദ്ധതികൾ നടപ്പാക്കിയെന്നു അവകാശപ്പെടുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ മൗനം പാലിക്കുന്നതെന്ന് ജിഗ്‌നേഷ് ചോദിച്ചു. മുത്തലഖ് വിലക്കുന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറയുന്ന ബി.ജെ.പി ശബരിമല വിഷയത്തിൽ കോടതി വിധി അംഗീകരിക്കണമെന്നും ജിഗ്‌നേഷ് ആവശ്യപ്പെട്ടു.
ജനാധിപത്യം സംരക്ഷിക്കുക, പ്രകൃതിയെ വീണ്ടെടുക്കുക തുടങ്ങിയ സന്ദേശങ്ങൾ ഉയർത്തിയാണ് നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്‌മ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വയനാടൊഴിച്ചുള്ള ജില്ലകളിലെ പര്യടനത്തിനുശേഷം അടുത്ത മാസം 20ന് തിരുവനന്തപുരത്താണ് സമാപനം.