തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ സംരക്ഷിക്കുന്നത് സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിശ്വാസങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രചാരണ വിഭാഗം തലവൻ കെ.മുരളീധരൻ നയിക്കുന്ന യാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബി.ജെ.പിക്ക് വളം വയ്‌ക്കുന്നത് സി.പി.എമ്മാണ്. പകൽ കമ്യൂണിസവും രാത്രി ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തുകയുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നത്. ശബരിമലയിൽ പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് വാങ്ങണമെന്നാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ അയൽസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ എങ്ങനെയാണ് ഈ പാസുകൾ വാങ്ങുന്നത്. സംസ്ഥാന സർക്കാരിന്റേത് തലതിരിഞ്ഞ ഉത്തരവാണ്. തലതിരിഞ്ഞ സർക്കാരുകൾ ഭരിക്കുമ്പോൾ ഇങ്ങനെയുള്ള ഉത്തരവുകൾ ഉണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഹരികുമാറിനെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. എത്ര ഉന്നതനായാലും കൊലയാളിയെ സർക്കാർ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഹരികുമാറിനെ കണ്ടെത്താൻ പഴുതടച്ച നീക്കമാണ് പൊലീസ് നടത്തുന്നത്. ഇയാളുമായി ബന്ധമുണ്ടെന്ന് കരുതുന്ന മുപ്പതോളം ബന്ധുക്കൾ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ബന്ധുക്കളെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.