sardar-vallabhai-patel-st

സൂറത്ത്: ലോകത്തിലെ ഏറ്റവും ഉയരമുള്ളതെന്ന വിശേഷണം നേടിയ സർദാർ വല്ലഭായി പട്ടേലിന്റെ സ്‌റ്റാച്യൂ ഒഫ് യൂണിറ്റി കാണാൻ ഓരോ ദിവസവും ഗുജറാത്തിലെ സരോവർ അണക്കെട്ടിന്റെ തീരത്തേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ. ഒക്‌ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത ശേഷം ഇതുവരെ ഏതാണ്ട് 75,000ത്തിൽ അധികം ആളുകൾ ഇവിടെ സന്ദർശനത്തിന് എത്തിയെന്നാണ് കണക്കുകൾ. കഴിഞ്ഞ ദിവസം മാത്രം പ്രതിമ സന്ദർശിക്കാൻ എത്തിയത് 25000 ആളുകളാണ്. രണ്ട് കോടിയോളം രൂപയുടെ വരുമാനം ഇതുവരെ സമാഹരിക്കാനായതായും കണക്കുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ദിവസേന 5000 പേരെ മാത്രം ഉൾക്കൊള്ളിക്കാൻ കഴിയുന്ന പ്രതിമ കാണാൻ കൂടുതൽ പേരെത്തുന്നത് പ്രദേശത്ത് വൻ തിരക്കിന് കാരണമായി. ദീപാവലി അവധിയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെത്തിയത് വൻ ട്രാഫിക്ക് കുരുക്കിന് ഇടയാക്കി. സുരക്ഷാ ജീവനക്കാർ ഏറെ പണിപ്പെട്ടാണ് ഇവിടുത്തെ ഗതാഗതക്കുരുക്ക് നീക്കാനായത്. പ്രതിമയുടെ ഒബ്‌സർവേഷൻ ഡെക്കിൽ കയറാനുള്ള ടിക്കറ്റുകൾ രാവിലെ തന്നെ വിറ്റഴിഞ്ഞു. തുടർന്ന് സന്ദർശകരിൽ ഏറെ പേരും നിരാശരായാണ് മടങ്ങിയത്. പ്രതിമ കാണാനെത്തും മുമ്പ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നേരത്തെക്കൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ പ്രദേശത്ത് പാർക്കിംഗ് സൗകര്യവും ഇവിടേക്കുള്ള ബസ് സർവീസുകളും അപര്യാപ്‌തമാണെന്ന് ആക്ഷേപമുണ്ട്. നിലവിൽ 15 ബസുകളാണ് പ്രതിമ നിൽക്കുന്ന സ്ഥലത്തേക്ക് സർവീസ് നടത്തുന്നത്. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് ഇത് 40ആക്കി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.