നാഗർകോവിൽ: വീടിനടുത്ത് ഒരു പുതിയ പാലം വരുമ്പോൾ ഒന്നുചെന്ന് കണ്ടില്ലെങ്കിൽ മോശമാകില്ലെ എന്ന ചിന്തയോടെയാണ് സെന്തിൽ മാർത്താണ്ഡത്തെ പാലം കാണാൻ എത്തിയത്. പാലം തുറക്കുന്നത് അറിഞ്ഞ് സെന്തിലിനെ പോലെ ആയിരങ്ങളാണ് സ്ഥലത്തെത്തിയത്. എന്നാൽ കുറച്ചു കഴിഞ്ഞതും പാലമൊന്ന് ഇളകാൻ തുടങ്ങി. ജനങ്ങൾ പരിഭ്രാന്തരായെന്ന് പറയേണ്ടകാര്യമില്ലല്ലോ. എന്നാൽ അധികൃതർ വന്ന് കാര്യം വിശദീകരിച്ചതോടെ പരിഭ്രാന്തി അത്ഭുതത്തിലേക്ക് വഴിമാറുകയായിരുന്നു. സ്‌റ്റീലിൽ പണിതിരിക്കുന്ന പാലം അതിന്റെ നിർമ്മാണത്തിന്റെ പ്രത്യേകത കൊണ്ടാണ് ആടുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി.
തെക്കെ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ പാലമാണ് മാർത്താണ്ഡത്തേത്. കുഴിത്തുറയിൽ നിന്ന് പമ്മം വരെ 2687 മീറ്റർ നീളത്തിൽ 200 കോടി ചിലവിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. രണ്ട് വർഷമായി ആരംഭിച്ച മേൽപ്പാലത്തിന്റെ പണി പൂർത്തിയായി കഴിഞ്ഞു. അപ്രോച്ച് റോഡുകൾ കൂടി പൂർത്തിയായാൽ പൊതുജനങ്ങൾക്ക് പൂർണമായി തുറന്നു കൊടുക്കും.