തിരുവനന്തപുരം: പകൽ കമ്മ്യൂണിസം പറയുകയും രാത്രി ബി.ജെ.പിയുമായി ചർച്ച നടത്തുകയും ചെയ്യുന്ന അവസാരവാദിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം തലവൻ കെ.മുരളീധരൻ ആരോപിച്ചു. 1977ൽ പിണറായി വിജയൻ വിജയിച്ചത് ആർ.എസ്.എസുകാരുടെ വോട്ട് നേടിയാണ്. ഏതാണ്ട് 7500 വോട്ടുകൾ പിണറായിക്ക് വേണ്ടി ആർ.എസ്.എസുകാർ ചെയ്‌തു. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനുമായി ഓരോ ആഴ്‌ചയും സർക്കാർ ചെലവിൽ കൂടിക്കാഴ്‌ച നടത്തുമായിരുന്നു. ഇത് പൊളിയുമെന്ന ഘട്ടത്തിലാണ് മാദ്ധ്യമ പ്രവർത്തകർക്ക് നേരെ മുഖ്യമന്ത്രി കടക്ക് പുറത്ത് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. വിശ്വാസം സംരക്ഷിക്കാൻ, വർഗീയതയെ തുരത്താൻ എന്നീ വിഷയങ്ങൾ ഉന്നയിച്ച് കെ.പി.സി.സി സംഘടിപ്പിക്കുന്ന പ്രചാരണ യാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആചാരങ്ങളെ പിണറായി വിജയൻ അനാചാരങ്ങളായി വ്യാഖ്യാനിക്കുകയാണ്. ശബരിമലയിൽ എവിടെയാണ് അവർണ - സവർണ വ്യത്യാസമുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രതിഷ്‌ഠയുടെ പ്രത്യേകത കാരണമാണ് ചില പ്രായത്തിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് മനസിലാക്കാതെ ബി.ജെ.പിക്ക് വേണ്ടി ആളെക്കൂട്ടുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയെ നിയന്ത്രിക്കാൻ കഴിയാത്ത പിണറായിക്ക് കേരളത്തിലെ ന്യൂനപക്ഷങ്ങളെ എങ്ങനെ നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. മാനസിക നില തെറ്റിയവരെപ്പോലെയാണ് മുഖ്യമന്ത്രി ഇപ്പോൾ സംസാരിക്കുന്നതെന്നും അദ്ദേഹം കളിയാക്കി.