1. ഛത്തീസ്ഗഡിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് ആക്രമണം. ബീജാപൂരിൽ മാവോയിസ്റ്റും സൈന്യവും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു ജവാന് പരിക്ക്. ഏഴിടത്ത് സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുന്നതിനിടെ ആണ് ആക്രമണം.
2. നാളെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്, മാവോവാദി സാന്നിധ്യമുള്ള എട്ടു ജില്ലകളിലെ പതിനെട്ട് മണ്ഡലങ്ങളിൽ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ, ബസ്തർ മേഖലയിൽ നിന്നും രാജ്‌നന്ദഗാവ് ജില്ലയിൽ നിന്നും സുരക്ഷസേന കണ്ടെത്തിയത് മുന്നൂറിൽ അധികം ബോംബുകൾ. മാവോവാദികൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ.
3. നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ടുകൊന്ന കേസിൽ ഡിവൈ.എസ്.പി ഹരികുമാറിനെ അറസ്റ്റു ചെയ്യണമെന്ന് ഡി.ജി.പിയുടെ കർശന നിർദ്ദേശം. നടപടി, പ്രതി കോടതിയിൽ ഹാജരായാൽ അത് പൊലീസിനു നാണക്കേട് ആകുമെന്ന വിലയിരുത്തലിൽ. യുവാവിന്റെ മരണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അന്വേഷണസംഘം ഇരുട്ടിൽ തപ്പുന്നു എന്ന ആരോപണം കൂടി നിലനിൽക്കെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം.
4. അതിനിടെ, സനലിന്റെ മരണത്തിൽ പൊലീസിന് എതിരെ ആരോപണവുമായി കുടുംബം. മരണത്തെ അപകടമരണമാക്കാൻ ശ്രമിക്കുന്നു എന്ന് ഭാര്യ വിജി. ക്രൈംബ്രാഞ്ച് എസ്.പി വീട്ടിൽ എത്തിയെങ്കിലും മൊഴി എടുക്കാതെ മടങ്ങി.നിലവിലെ അന്വേഷണ സംഘത്തോട് ഇനി സഹകരിക്കില്ലെന്നും കോടതിയുടെ മേൽനോട്ടം വേണമെന്നും ആവശ്യം. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി നൽകാനും തീരുമാനം.
5. ആരോപണങ്ങൾക്കിടെ, ഹരികുമാർ മൂന്നാറിന് സമീപം കേരള തമിഴ്‌നാട് അതിർത്തിയിൽ എത്തിയതായി സൂചന. പ്രതിയുടെ ബന്ധുക്കളുടേയും സഹായികളുടേയും മൊബൈൽ ഫോണുകൾ നിരീക്ഷിച്ചും പരിശോധന. പൊലീസ് സേനയിൽ നിന്നുതന്നെ ഹരികുമാറിന് സഹായം ലഭിക്കുന്നു എന്ന പരാതിയിൽ മുതിർന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല നൽകാനും ധാരണ.
6. മണ്ഡല മകരവിളക്ക് ഒരുക്കങ്ങൾ പുരോഗമിക്കവെ, ശബരിമലയിൽ ഇരുമുടിയേന്തി ഭീകരർ വരാമെന്ന് സർക്കാരിന് ഇന്റലിജൻലസ് റിപ്പോർട്ട്. തീർത്ഥാടകരുടെ ഇരുമുടിക്കെട്ടിൽ ഭീകരസംഘടനകളും ദേശവിരുദ്ധ ശക്തികളും സ്‌ഫോടന വസ്തുക്കൾ കടത്താൻ സാധ്യത. സംശയമുള്ളവരുടെ ഇരുമുടിക്കെട്ടുകളും വസ്തുവകകളും പരിശോധിക്കണം. കുടിവെള്ള ടാങ്കുകൾ, ഇലക്ട്രിക് കണക്ഷനുകൾ, ശ്രീകോവിൽ, മാളികപ്പുറം ക്ഷേത്രം, ഗണപതികോവിൽ, പാർക്കിംഗ് ഏരിയ ഉൾപ്പടെയുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും റിപ്പോർട്ട്.
7. തീർത്ഥാടനകാലത്ത് സുരക്ഷ ഒരുക്കാനും തിരക്ക് നിയന്ത്രിക്കാനും 15000 പൊലീസുകാരെ നിയമിക്കാൻ തീരുമാനം. നവംബർ 14 മുതൽ 16 വരെ നടക്കുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ ആകാശനിരീക്ഷണവും ഏർപ്പെടുത്തും. പല ഘട്ടങ്ങളിലായി നടത്തുന്ന സേനാ വിന്യാസത്തിൽ ഒരു ഘട്ടത്തിലും നാലായിരം പൊലീസുകാർ ഭക്തർക്ക് സുരക്ഷ ഒരുക്കും. ജലപീരങ്കി ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങൾക്ക് പുറമെ അക്രമികളുടെ മുഖം തിരിച്ചറിയൽ സോ്ര്രഫുവെയറുകളും.
8. അതേസമയം, ആചാര സംരക്ഷണത്തിന്റെ പേരിൽ ശബരിമലയിൽ പ്രതിഷേധങ്ങൾ നടത്തരുതെന്ന് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ. രാഷ്ട്രീയപാർട്ടികൾക്കും സംഘടനകൾക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകണം. ചിത്തിര ആട്ടത്തിരുനാളിന് നടതുറന്ന ശേഷമുള്ള അനിഷ്ട സംഭവങ്ങൾ വിശദീകരിച്ച് നൽകിയ റിപ്പോർട്ടിലാണ് സ്‌പെഷ്യൽ കമ്മിഷണറുടെ ആവശ്യം.
9. യു.എസിലെ കാലിഫോർണിയയിൽ പടർന്ന് പിടിച്ച കാട്ടുതീയിൽ മരണം 25. മൂന്ന് ദിവസമായി തുടരുന്ന കാട്ടുതീയിൽ 35 പേരെ കാണാതായതായി റിപ്പോർട്ട്. രണ്ട് ലക്ഷത്തിലേറെ പേരെ മാറ്റി പാർപ്പിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ഇല്ലാതാക്കിയത് വീടുകൾ ഉൾപ്പെടെ 6700 കെട്ടിടങ്ങൾ. രക്ഷപ്രവർത്തനത്തിന് തടസമായി കാറ്റും വരണ്ട കാലാവസ്ഥയും. 35000 ഏക്കറോളം വിസ്തൃതിയിൽ പടർന്ന് പിടിച്ച കാട്ടു തീ അണയ്ക്കാൻ ശ്രമം തുടരുന്നു.
10. കായിക പ്രേമികൾക്ക് ആവേശരാവ് ഒരുക്കാൻ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ. ഇന്ത്യ വെസ്റ്റ് ഇൻഡീസ് അവസാന ട്വന്റി 20 ഇന്ന് രാത്രി ഏഴിന് ചെന്നൈ ചിദംബരം സ്റ്റേഡിയിൽ. കുൽദീപ്, യാദവ്, ജസ്പ്രിത് ബുംര, ഉമേഷ് യാദവ് തുടങ്ങിയവർക്ക് വിശ്രമം നൽകി പഞ്ചാബി പേസർ സിദ്ധാർത്ഥ് കൗളിനെ ടീമിൽ ഉൾപ്പെടുത്തി. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ രണ്ടും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
11. ട്വന്റി 20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ആദ്യ മത്സരത്തിൽ ക്യാ്ര്രപൻ ഹർമ്മൻ പ്രീത് കൗറിന്റെ സെഞ്ച്വറി മികവിൽ ന്യൂസിലൻഡിനെ പെൺപട തോൽപ്പിച്ചത് 34 റൺസിന്. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്നത മത്സരം ഇന്ത്യൻ സമയം രാത്രി 8.30 ന്.
12. ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഗോവ എഫ്.സിക്ക് എതിരായ പോരാട്ടം കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ രാത്രി 7.30 ന്. ആദ്യ മത്സരത്തിൽ മിന്നുംജയം നേടിയ ബള്‌സ്റ്റേഴ്‌സിന് നേരിടേണ്ടി വന്നത് തുടർച്ചയായ നാലു സമനില കുരുക്കുകൾ. ആറു കളികളിൽ നിന്ന് 13 പോയിന്റുമായി പട്ടികയിൽ ഗോവ എഫ്.സി ഒന്നാമത്.