തെന്നിന്ത്യൻ സിനിമയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മുന്നേറുകയാണ് തമിഴ് ചിത്രം രാക്ഷസൻ. ഇത്രയും മികച്ചൊരു സൈക്കോത്രില്ലർ അടുത്തകാലത്തെങ്ങും തങ്ങൾ കണ്ടിട്ടില്ലെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിലാണ് പറയുന്നത്. രാംകുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രതിനായകനായ ക്രിസ്റ്റഫർ തിയേറ്രറിൽ നിന്ന് ഇറങ്ങുമ്പോഴും പ്രേക്ഷകന്റെ മനസിൽ ഭീതിയുടെ ആഴം കൂട്ടുകയാണ്. ശരവണൻ നാനാണ് ക്രിസ്റ്റഫറെ അവതരിപ്പിച്ചത്. എന്നാൽ ക്രിസ്റ്റഫറാകാൻ താൻ സഹിച്ച ത്യാഗം ചെറുതൊന്നുമല്ലെന്ന് പറയുകയാണ് ശരവണൻ.
'പണമില്ലാത്തതിനാൽ ശരീരഭാരം കുറയ്‌ക്കാൻ വെറും വയറ്റിൽ പുളിവെള്ളം കുടിച്ചു. ഭക്ഷണം കഴിക്കാത്തതിനാൽ ആരോഗ്യമില്ലായിരുന്നു. ഫൈറ്റ് സീനുകളും മാജിക്കും ഒക്കെ ചെയ്‌തു കഴിയുമ്പോൾ എഴുന്നേൽക്കാൻ പോലും കഴിയില്ലായിരുന്നു. ചിലപ്പോഴൊക്കെ വേദനയും സങ്കടവും എന്നെ കീഴടക്കാൻ തുടങ്ങും. അപ്പോഴെല്ലാം എനിക്കിത് ചെയ്‌തേ മതിയാകൂ എന്ന് സ്വയം പറഞ്ഞു കൊണ്ടിരുന്നു. അമ്പതു തവണയാണ് കഥാപാത്രത്തിനു വേണ്ടി തല മൊട്ടയടിച്ചത്. പുലർച്ചെ നാലു മണി മുതൽ മേക്കപ്പിനു വേണ്ടി ഇരുന്നു കൊടുത്തു.
ഒടുവിൽ അലർജിയായി കഴുത്തിലും മുഖത്തും കുമിളകൾ പ്രത്യക്ഷപെട്ടു. റീലീസ് കഴിഞ്ഞ ആദ്യ നാളുകളിൽ വളരെ സങ്കടമായിരുന്നു. എന്നെ ആരും തിരിച്ചറിഞ്ഞില്ല. അണിയറക്കാരും ഞാൻ ആരെന്നു വെളിപ്പെടുത്തിയില്ല. പക്ഷെ പതിയെ എല്ലാവരും എന്നെപ്പറ്റി അന്വേഷിച്ചു തുടങ്ങി. അതു നൽകിയ സന്തോഷം വളരെ വലുതാണ്'-ശരവണൻ പറയുന്നു.
രാക്ഷസനു മുൻപ് വളരെ ചെറിയ റോളുകൾ മാത്രമാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് ശരവണൻ വ്യക്തമാക്കുന്നു. 'വർഷങ്ങളോളം അവസരം തേടി അലഞ്ഞു. ഒടുവിൽ രാം കുമാറിന്റെ അടുത്തെത്തി. അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു- ''നിങ്ങൾക്ക് ഒരു വേഷം തരാം. പ്രധാനപ്പെട്ട വേഷമാണ്, പക്ഷെ മുഖം കാണിക്കാൻ പറ്റില്ല. അതേസമയം ഒരുപാട് കഷ്‌ടപ്പാടുകളും ഉണ്ടാകും''. മറ്റൊന്നും എനിക്ക് ആലോചിക്കേണ്ടി വന്നില്ല. ഉടൻ സമ്മതിച്ചു. സിനിമയിൽ ഒരു സീനിലെങ്കിലും അഭിനയിക്കാൻ വേണ്ടി പലരുടെയും കാലുപിടിച്ചിട്ടുള്ള ഒരുവന് എങ്ങനെയെങ്കിലും ഒരു നല്ല വേഷം കിട്ടിയാൽ മതിയെന്നായിരുന്നു' -ശരവണൻ പറയുന്നു.
വിഷ്ണു വിശാൽ നായകനായി എത്തിയ ചിത്രത്തിൽ അമല പോളാണ് നായിക. രാധാരവി, കാലി വെങ്കട്ട്, രാംദോസ് എന്നിവരാണ് മറ്റ് താരങ്ങൾ.