km-shaji-disqualified

കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.എം.ഷാജി വിജയിച്ചതെന്ന പരാതിയിലെ നിയമനടപടികൾ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി താത്കാലിക സ്‌റ്റേ അനുവദിച്ചെങ്കിലും കേസിലെ വ്യവഹാരങ്ങൾ ഇനിയും നീളുമെന്ന് ഉറപ്പാണ്. അതേസമയം, സമാനമായ കുരുക്കിൽ പെട്ടിരിക്കുകയാണ് വീണ ജോർജ് എം.എൽ.എയും. മതചിഹ്നങ്ങൾ ഉപയോഗിച്ചും വർഗീയ പ്രചാരണം നടത്തിയും വോട്ട് പിടിച്ചുവെന്നാണ് വീണയ്‌ക്കെതിരെയുള്ള ആരോപണം.

വർഗീയ പ്രചാരണം നടത്തിയെന്നും വീണയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എതിർസ്ഥാനാർത്ഥിയായ കെ.ശിവദാസൻ നായരുടെ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ.വി.ആർ.സോജിയാണ് കോടതിയെ സമീപിച്ചത്. വോട്ട് പിടിക്കാൻ മതവും മതചിഹ്നങ്ങളും വീണാ ജോർജ് ഉപയോഗിച്ചതായി പരാതിയിൽ പറയുന്നു. വീണാ ജോർജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും സഹിതമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ലഘുലേഖയിലും സമാനമായ ചിത്രം ഉൾപ്പെടുത്തി വീണാ ജോർജ് വോട്ടു തേടിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. 2017 ഏപ്രിലിൽ സമാനമായ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പരാതിക്കാർ വ്യക്തമാക്കി.