തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ റോഡിലേക്ക് എറിഞ്ഞ് കൊന്ന കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിന് ഒളിച്ച് താമസിക്കാൻ സ്ഥലമൊരുക്കിയ ലോഡ്‌ജ് മാനേജരെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. തമിഴ്നാട് തൃപ്പരപ്പിലെ ലോഡ്‌ജ് മാനേജർ സതീഷാണ് പിടിയിലായത്. ഹരികുമാറുമായി നേരത്തെ തന്നെ അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് സതീഷെന്നും പൊലീസ് കണ്ടെത്തി.
നെയ്യാറ്റിൻകരയിലെ സംഭവ ശേഷം രക്ഷപ്പെട്ട ഹരികുമാറും സുഹൃത്ത് ബിനുവും ആദ്യം രഹസ്യ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. പിന്നീട് സനലിന്റെ മരണം ഉറപ്പിച്ച ശേഷം തമിഴ്നാട്ടിലെ തൃപ്പരപ്പിലേക്ക് നീക്കി. ഇവിടെ വച്ച് സതീഷ് ഹരികുമാറിന് രണ്ട് സിം കാർഡുകൾ തരപ്പെടുത്തി നൽകി. ഈ സിം കാർഡുകൾ ഉപയോഗിച്ചാണ് ഹരികുമാർ അഭിഭാഷകരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടത്.എന്നാൽ സിം കാർഡുകൾ ഈ മാസം ഏഴിന് ശേഷം പ്രവർത്തിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സിമ്മിൽ നിന്നും വിളിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
സതീഷിന്റെ ലോഡ്‌ജിൽ നിന്നും ഹരികുമാർ മധുരയിലേക്ക് രക്ഷപ്പെട്ടതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.