bjp-radha-yatra

മാൽഡ: സംസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിക്കുന്ന രഥയാത്രയ്‌ക്ക് തടസം നിൽക്കുന്നവരുടെ തല ചതയ്‌ക്കുമെന്ന് പറഞ്ഞ ബി.ജെ.പി വനിതാ നേതാവിന്റെ പ്രസ്‌താവന വിവാദത്തിൽ. പശ്ചിമ ബംഗാൾ ബി.ജെ.പി വനിതാ ഘടകം പ്രസിഡന്റ് ലോക്കറ്റ് ചാറ്റർജിയുടെ വിവാദ പ്രസ്‌താവനയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജി രഥയാത്രയ്‌ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ.

ഡിസംബർ 5,6,7 ദിവസങ്ങളിലായി മൂന്ന് രഥയാത്രകളാണ് പശ്ചിമ ബംഗാളിൽ ബി.ജെ.പി നടത്താൻ തയ്യാറിട്ടിരിക്കുന്നത്. 42 ലോക്‌സഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന രഥയാത്ര ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് ഉദ്ഘാടനം ചെയ്യുന്നത്. കൊൽക്കത്തയിൽ നടക്കുന്ന മഹാറാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനത്തെ ജനാധിപത്യം സംരക്ഷിക്കാനാണ് തങ്ങൾ രഥയാത്ര നടത്തുന്നതെന്നാണ് ലോക്കറ്റ് ചാറ്റർജിയുടെ വിശദീകരണം. ഈ യാത്രകൾക്ക് തടസം നിൽക്കുന്നവരുടെ തലകൾ രഥത്തിന്റെ ചക്രത്തിൽ ചതഞ്ഞരയുമെന്നും ചാറ്റർജി കൂട്ടിച്ചേർത്തു.

അതേസമയം, ലോക്കറ്റ് ചാറ്റർജിയുടെ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്ത് വന്ന തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർത്ത ചാറ്റർജി സംസ്ഥാനത്തെ സമാധാനം തകർക്കാൻ ബി.ജെ.പി നേതാക്കൾ മനപ്പൂർവം ശ്രമിക്കുകയാണെന്ന് ആരോപിച്ചു. വർഗീയ ചിന്തകൾ സംസ്ഥാനത്ത് പടർത്താനാണ് ബി.ജെ.പിയുടെ ശ്രമം. എന്നാൽ ബി.ജെ.പിയുടെ ഇത്തരം ശ്രമങ്ങളെ സംസ്ഥാനത്തെ ജനങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്. 2016ൽ പോളിംഗ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് ലോക്കറ്റ് ചാറ്റർജിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തിരുന്നു.